കോഴിക്കോട്: കേരള കാർഷിക സർവകലാശാലയുടെ കാർഷിക വിജ്ഞാന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് 11 മണിക്ക് കൃഷി മന്ത്രി വി.എസ് സുനിൽകുമാ‌ർ ഓൺലൈനായി നി‌ർവഹിക്കും. വെള്ളിമാട്കുന്നിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രമാണ് കൂടുതൽ സൗകര്യങ്ങളോടെ വേങ്ങേരിയിലേക്ക് മാറ്റിയത്. കാർഷിക സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ ഉത്പാദിപ്പിക്കുന്ന അത്യുത്പാദനശേഷിയുള്ള വിത്തുകൾ, തൈകൾ, ജീവാണുവളങ്ങൾ, ജൈവകീടനിയന്ത്രണ ഉപാധികൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവ പുതിയ വിജ്ഞാന വിപണന കേന്ദ്രത്തിൽ ലഭ്യമാക്കും.കർഷകർക്ക് പരിശീലനം നൽകുന്നതിനും കാർഷിക സാങ്കേതികോപദേശങ്ങൾ നൽകുന്നതിനും പുതിയ കേന്ദ്രത്തിൽ സൗകര്യം ഏർപ്പെടുത്തും. വേങ്ങേരി കർഷക പരിശീലന കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ എ.പ്രദീപ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല ആദ്യവിൽപന നടത്തും. വാർഡ് കൗൺസിലർ പി.പി നിഖിൽ , പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി പൊന്നാന എന്നിവർ പ്രസംഗിക്കും.