മുക്കം: കളിക്കുന്നതിനിടെ ആഴമേറിയ കിണറിൽ വീണ നാലുവയസുകാരനെ രക്ഷപ്പെടുത്തി. കല്ലുരുട്ടി വളപ്പൻ തൊടുക സി.സി സാജിദിന്റെ മകൻ മുഹമ്മദ് റസലാണ് ഇന്നലെ വൈകീട്ട് കളിക്കുന്നതിനിടെ അയൽപക്കത്തെ പതിനേഴ് മീറ്റർ ആഴമുള്ള കിണറിൽ വീണത്. വിവരമറിഞ്ഞ് ഓടിയെത്തിയ ഇരുമ്പിടകണ്ടി അഷ്റഫ് (അഷ്റഫുണ്ണി) പത്തടിയിലധികം വെള്ളമുള്ള വട്ടം കുറഞ്ഞ കിണറിൽ ഇറങ്ങിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കിണറിൽ നിന്ന് കയറുന്നതിനിടെ അഷ്റഫിന് ശ്വാസതടസമുണ്ടായത് പരിഭ്രാന്തിയുണ്ടാക്കി. മുഹമ്മദ് റസലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഷ്‌റഫിനെ നാട്ടുകാർ അനുമോദിച്ചു. മുക്കം നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി ഷാളണിയിച്ചു. നസീർ കല്ലുരുട്ടി, സാഹിർ, ബിജു, ഐ.പി.ഉമർ, ജിഹാദ് തറോൽ, ഫിറോസ് ബാബു, ഫൈസൽ എന്നിവർ സംബന്ധിച്ചു .