pattayam

കോഴിക്കോട്: ജില്ലയിൽ അഞ്ച് വർഷത്തിനിടെ വിതരണം ചെയ്തത് 9,437 പട്ടയങ്ങൾ. പട്ടയം ഇല്ലാത്ത കാരണത്താൽ പലതരം ആനുകൂല്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയാതെയും ബാങ്ക് വായ്പയടക്കം സാമ്പത്തിക സഹായങ്ങൾ ലഭിക്കാതെയും ദുരിതത്തിലായവർക്ക് ഇതിലൂടെ ആശ്വാസമായി. ഭൂമി കൈവശമുണ്ടായിട്ടും നികുതി അടക്കാൻ കഴിയാത്തവർ, കൈമാറ്റം ചെയ്യാൻ കഴിയാത്തവർ, വനം വകുപ്പുമായുണ്ടായിരുന്ന തർക്കങ്ങൾ തുടങ്ങി നിരവധി പ്രതിസന്ധികൾക്കാണ് പരിഹാരമായത്. പതിറ്റാണ്ടുകളായി ജില്ലയിൽ നിലനിന്നിരുന്ന ഭൂപ്രശ്‌നമായിരുന്നു താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിലെ കൈവശക്കാർക്ക് പട്ടയം അനുവദിക്കുക എന്നത്. ഇവിടുത്തെ 190 താമസക്കാർക്ക് ഈ മാസം അവസാനവാരം പട്ടയ വിതരണം ചെയ്യുന്നതോടെ ഏറെ കാലത്തെ പ്രശ്നത്തിന് പരിഹാരമാകും. സുപ്രീംകോടതിയിൽ നടന്നിരുന്ന കേസിൽ 2019 ഡിസംബറിൽ അന്തിമ വിധി വന്നതോടെയാണ് പട്ടയ വിതരണത്തിനുള്ള നടപടികൾ ആരംഭിച്ചത്. സുനാമി പുനരധിവാസ പദ്ധതിയിൽ ലഭിച്ച ഭൂമിയിൽ പട്ടയം ലഭിക്കാത്തവർക്കും പട്ടയം വിതരണം ചെയ്തു. 8,156 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളാണ് അഞ്ചു വർഷത്തിനിടെ ജില്ലയിൽ വിതരണം ചെയ്തത്. 12,000ത്തിലധികം അപേക്ഷകൾ പരിഗണനയിലിരിക്കുന്നുണ്ട്.

പട്ടയ വിതരണം ഇങ്ങനെ

അഴിയൂരിൽ 43, ബേപ്പൂർ 34 , ചെങ്ങോട്ട്കാവ് 28 , ചേമഞ്ചേരി 19 എന്നിങ്ങനെ 147 കുടുംബങ്ങൾക്കാണ് സുനാമി പദ്ധതിയിൽ പട്ടയം വിതരണം ചെയ്തത്. ബേപ്പൂർ വില്ലേജിലെ രാജീവ് ദശലക്ഷം കോളനിയിൽ 40 പേർക്ക് പട്ടയം ലഭിച്ചു. വേളം വില്ലേജിലെ ചേരാപുരം കോളനിയിൽ 22 പേർക്കും പാലേരി വില്ലേജിൽ മേലേടത്ത് ലക്ഷം വീട് കോളനിയിൽ 19 പേർക്കും ചെറുപുത്തലത്ത് ലക്ഷം വീട് കോളനിയിൽ 11 പേർക്കും പട്ടയങ്ങൾ വിതരണം ചെയ്തു. ഭൂപരിധി കേസിൽപെട്ട് നികുതി സ്വീകരിക്കാൻ കഴിയാതിരുന്ന ചെക്യാട് പഞ്ചായത്തിലെ 213 കുടുംബങ്ങൾക്ക് താലൂക്ക് ലാൻഡ് ബോർഡ് കേസ് തീർപ്പാക്കി നികുതി സ്വീകരിക്കാനുള്ള നടപടി സ്വീകരിച്ചു. കാന്തലാട് വില്ലേജിൽ വനം-റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി 49 കുടുംബങ്ങളുടെ ഭൂമിയിൽ തീരുമാനമെടുക്കുകയും നികുതി സ്വീകരിക്കുകയും ചെയ്തു. അഴിയൂർ വില്ലേജിലെ ചോമ്പാൽ ഹാർബറിൽ 20 മത്സ്യത്തൊഴിലാളികൾക്കാണ് പട്ടയം നൽകിയത്.