airport

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനം യാഥാർത്ഥ്യമാക്കുന്നതിന് എം.കെ രാഘവൻ എം.പി സമർപ്പിച്ച പ്രായോഗിക നിർദ്ദേശങ്ങൾക്ക് അംഗീകാരം. ബദൽ മാസ്റ്റർ പ്ലാൻ പരിഗണിക്കുമെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ അരവിന്ദ് സിംഗ് എം.പിക്ക് ഉറപ്പ് നൽകി. മാസ്റ്റർപ്ലാൻ ചർച്ച ചെയ്യുന്നതിനായി എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഓപ്പറേഷൻസ് മെമ്പർ ഐ.എൻ മൂർത്തി, പ്ലാനിംഗ് മെമ്പർ എ.കെ പഥക്, എയർ നാവിഗേഷൻ സർവീസ് മെമ്പർ വിനീത് ഗുലാട്ടി, ഇ.ഡി ഓപ്പറേഷൻസ് വിവേക് ചൗരെ, ഇ.ഡി എൻജിനിയറിംഗ് സൻജീവ്‌ ജിൻഡാൽ, കോഴിക്കോട് എയർപോർട്ട് ഡയറക്ടർ ശ്രീനിവാസ റാവു, ജോയിന്റ് ജനറൽ മാനേജർ ഒ.വി മാർക്സിസ് തുടങ്ങിയവരും പങ്കെടുത്തു. ഡി.ജി.സി.എയുമായി ചർച്ച നടത്താൻ പ്ലാനിംഗ് മെമ്പർ എ.കെ പഥക്കിനെ ചുമതലപ്പെടുത്തി. സെപ്തംബറിൽ ഒമ്പതിന് നടന്ന എയർപോർട്ട് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ റൺവേ വികസനത്തിനാവശ്യമായ മാർഗ നിർദ്ദേശം ഉന്നയിച്ചിരുന്നു. നിലവിലെ റൺവേയുടെ കിഴക്ക് വശത്ത് അതോറിറ്റിയുടെ 19.46 ഏക്കർ (721 മീറ്റർ നീളം, 108 മീറ്റർ വീതി) ഭൂമിക്ക് പുറമേ 43.11 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കുകയാണെങ്കിൽ റൺവേ 3400 മീറ്ററായി വികസിപ്പിക്കാൻ സാധിക്കും. വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ ഏപ്രൺ നവീകരണത്തിന് നാല് ഘട്ടങ്ങളിലായി നടപ്പിലാക്കാവുന്ന നിർദേശങ്ങളും ബദൽ മാസ്റ്റർ പ്ളാനിലുണ്ട്. നിലവിലെ ഏപ്രണിന്റെ പടിഞ്ഞാറ് വശത്ത് ഏവിയേഷൻ ഫ്യുവൽ സ്റ്റേഷനുകളും റസിഡൻസ് കോട്ടേഴ്സുകളും മാറ്റി സ്ഥാപിക്കുക ഇപ്പോഴത്തെ ടെർമിനലിന് മുമ്പിൽ പുതിയ ടെർമിനൽ നിർമ്മിക്കുക നിലവിലെ ടെർമിനൽ ഭാഗം ഏപ്രണായി നവീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും പദ്ധതി പ്ലാനിലുണ്ട്. റോഡ് കണക്റ്റിവിറ്റി ഉൾപ്പെടെ പുനരധിവാസ പാക്കേജുകളോടെ ഏറ്റെടുത്ത് നടപ്പാക്കേണ്ടതാണ് പദ്ധതി. ഫ്യുവൽ ഹൈഡ്രന്റ് സിസ്റ്റം, ഇമാസ് എന്നിവയ്ക്ക് പുറമേ താരതമ്യേന എർത്ത് ഫില്ലിംഗ് കുറഞ്ഞ രീതിയിലാണ് നിർദ്ദേശങ്ങൾ.