പിണങ്ങോട്: വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് കൽപ്പറ്റ - വാരാമ്പറ്റ റോഡ് പണി നിർത്തിവെച്ചതിനെതിരെ ജനകീയ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന് പിണങ്ങോട് ടൗണിൽ വഴി തടയും. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം നടക്കുന്ന റോഡ് നവീകരണ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണം ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും ഭൂ ഉടമകളുടെ അനാവശ്യ തർക്കങ്ങളുമാണെന്ന് ആക്‌ഷൻ കമ്മിറ്റി ആരോപിച്ചു.
പ്രവർത്തി ആരംഭിക്കുന്നതിന് മുമ്പ് ഉടമകളുടെ കയ്യിൽ നിന്ന് ഭൂമി വിട്ടു നൽകിയതായ രേഖകൾ റവന്യൂ വകുപ്പോ പൊതുമരാമത്ത് വകുപ്പോ വാങ്ങിയിട്ടില്ല. പല സ്ഥലത്തും എസ്റ്റിമേറ്റിൽ പറഞ്ഞ 12 മീറ്റർ വീതി ഇല്ല. ഓവുചാലുകളുടെ നിർമ്മാണവും അശാസ്ത്രീയമാണ്.

പദ്ധതി നടത്തുന്ന കിഫ്ബിയുടെ പരിശോധനയും കാര്യക്ഷമമല്ല. വീതി കൂട്ടലിന്റെ വേണ്ടി ടൗണിലെ കടകൾ പൊളിച്ചിട്ട് ഒൻപത് മാസം കഴിഞ്ഞു. എം.എൽ.എ, ജില്ലാ കലക്ടർ, എ.ഡി.എം, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ, സ്ഥലം ഉടമ തുടങ്ങിയവരുമായി നിരവധി തവണ ചർച്ച നടത്തിയിട്ടും പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് ആക്ഷൻ കമ്മിറ്റി സമരത്തിനൊരുങ്ങുന്നത്.
ടൗണിൽ ചെളി നിറഞ്ഞ് വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽ പെടുന്നത് പതിവായി. പൊടിശല്യം കാരണം ടൗണിലെ സ്ഥാപനങ്ങളും തുറക്കാൻ പറ്റാതായി. റോഡ് വികസനത്തിന്റെ പേരിൽ കെട്ടിടങ്ങൾ പൊളിച്ചത് കാരണം ഒൻപത് മാസമായി ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട നിരവധിപേരാണ് പ്രദേശത്തുള്ളത്. ഓട്ടോ ടാക്സികൾക്ക് നിർത്തിയിടാൻ സ്ഥലമില്ല. ഇങ്ങനെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ബന്ധപ്പെട്ട ആരും പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നില്ലെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളായ വി.ഇസ്ഹാഖലി, ജംഷീദ് ബാവ, ജാസർ പാലക്കൽ, ലത്തീഫ് പുനത്തിൽ എന്നിവർ പറഞ്ഞു.