tp

കോഴിക്കോട്: സ്വന്തമായി വീടെന്ന സ്വപ്നം പൂർത്തികരിക്കുന്ന ലൈഫ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. പേരാമ്പ്ര പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്താക്കളുടെ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2147 വീട് രണ്ട് ഘട്ടങ്ങളിലായി പേരാമ്പ്ര മണ്ഡലത്തിൽ പൂർത്തികരിച്ചു കഴിഞ്ഞു. വീടും സ്ഥലവും ഇല്ലാത്ത ഏതെല്ലാം കുടുംബങ്ങളുണ്ടോ അവർക്കെല്ലാം വീട് നിർമ്മിച്ച് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ലൈഫിന്റെ മാനദണ്ഡത്തിൽ പെടാത്ത എന്നാൽ സ്വന്തമായി വീട് വേണ്ടുന്ന അർഹരായവരെല്ലാവർക്കും വീടുനിർമ്മിച്ചു നൽകുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പേരാമ്പ്ര വി.വി. ദക്ഷിണമൂർത്തി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.എം. റീന, സെക്രട്ടറി മനോജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ശശി, ജില്ല പഞ്ചായത്ത് മെമ്പർ സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, മെമ്പർ ലിസി, അഷറഫ്, സി.ഡി.എസ് ചെയർപേഴ്‌സൺ ദീപ പി.വി, ബാലൻ അടിയോടി, രാജൻ മരുതേരി, പുതുക്കുടി അബ്ദുറഹ്മാൻ, വിനു കെ.എം, കെ.എം. കുഞ്ഞിരാമൻ, പ്രകാശൻ കിഴക്കയിൽ എന്നിവർ പങ്കെടുത്തു.