resort

സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിനകത്തും അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾ. ജില്ലയിലെ വനമേഖല കേന്ദ്രീകരിച്ച് ഇരുനൂറ്റിയമ്പത് അനധികൃത റിസോർട്ടുകളും ഹോംസ്റ്റേകളുമാണ് പ്രവർത്തിക്കുന്നത്. ഇതിൽ അമ്പത് എണ്ണം മുത്തങ്ങ റെയിഞ്ചിലാണ് .

വനത്തിനകത്തെ സെറ്റിൽ മെന്റുകളിലാണ് അനധികൃതമായി റിസോർട്ടുകൾ പ്രവർത്തിക്കുന്നത്. ഓൺലൈൻ വഴിയാണ് ഇവിടേക്കുള്ള ബുക്കിംഗ്. മൃഗങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ റിസോർട്ടുകൾക്ക് സമീപം വിതറി കാട്ടാനയുൾപ്പെടെയുള്ള മൃഗങ്ങളെ റിസോർട്ടുകൾക്ക് സമീപത്തേക്ക് ആകർഷിക്കുന്ന രീതിയുമുണ്ട്. ഇത്തരത്തിൽ ഉപ്പ് വിതറി മാൻ ഉൾപ്പെടെയുള്ള മൃഗങ്ങളെ റിസോർട്ടുകൾക്ക് സമീപം എത്തിച്ച സംഭവവും മുമ്പ് വയനാട്ടിൽ ഉണ്ടായിട്ടുണ്ട്. വന്യജീവി സങ്കേതത്തിനകത്തെ സെറ്റിൽമെന്റുകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിലേക്ക് വനത്തിലൂടെയാണ് വഴി. വനഗ്രാമങ്ങളിലുള്ള ആളുകൾക്ക് പോകുന്നതിനായി വനം വകുപ്പ് നിയന്ത്രിതമായി തുറന്നിട്ടുള്ള വഴികളിലൂടെയാണ് സഞ്ചാരികളും റിസോർട്ടുകളിലേക്ക് എത്തുന്നത്. വിനോദസഞ്ചാരത്തിന് എത്തുന്നവർക്ക് കാടിനേയോ വന്യജീവികളെയോപറ്റി യാതൊന്നും അറിയാത്തതിനാൽ പലപ്പോഴും ഇത് ദുരന്തങ്ങൾക്ക് വഴിവയ്ക്കും. മുത്തങ്ങ റെയിഞ്ചിൽ പ്രവർത്തിക്കുന്ന ചില റിസോർട്ടുകളിലെത്താൻ വനത്തിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കണം. മുത്തങ്ങ കുമഴിയിലെ റിസോർട്ടിലേക്ക് നാലര കിലോമീറ്ററാണ് വനത്തിലൂടെ സഞ്ചരിക്കേണ്ടത്. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രത്തിലുടെയുള്ള ഈ യാത്ര വനം വകുപ്പ് നിരോധിച്ചങ്കിലും രാഷ്ട്രീയ സ്വാധീനവും മറ്റും ഉപയോഗിച്ച് വഴി തുറന്ന് സഞ്ചാരികളെ വനത്തിലൂടെ റിസോർട്ടുകളിലേക്ക് എത്തിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളിൽ രാത്രിയിൽപോലും ഇവിടങ്ങളിൽ ആളുകളെത്തുന്നുണ്ട്. വയനാട് വന്യജീവി സങ്കേതത്തിനകത്ത് പതിനാല് സെറ്റിൽമെന്റുകളാണുള്ളത്. വനത്തിനുള്ളിൽ താമസിക്കുന്ന ആളുകളെ പുറത്ത് കൊണ്ടു വരുന്നതിനായി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി തുടങ്ങിയെങ്കിലും അഞ്ചോളം സെറ്റിൽമെന്റുകൾ മാത്രമാണ് നടപടി പൂർത്തീകരിക്കാനായത്. അമ്മവയൽ,ഗോളൂർ, കൊട്ടങ്കര, കൊമ്പൻച്ചേരി, നരിമാന്തികൊല്ലി, ഈശ്വരകൊല്ലി എന്നിവയിലാണ് പുനരധിവാസം പദ്ധതി നടപ്പായത്. ചെട്ട്യാലത്തൂരിൽ ഭാഗികമായി മാത്രമെ പുനരധിവാസം നടന്നിട്ടുള്ളു. ബാക്കിയുള്ള പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളു. സങ്കതത്തിനകത്തെ സെറ്റിൽ മെന്റുകളിൽ കൂടുതലും ആദിവാസി വിഭാഗത്തിൽപ്പെട്ടവരും വയനാട്ടിലെ ആദിമ നിവാസികളായ വയനാടൻ ചെട്ടി സമുദായത്തിൽപ്പെട്ടവരുമാണ്. ലീസ് ഭുമിക്ക് പുറമെ ,ബ്രീട്ടീഷ് പട്ടയം ഉള്ളവരും ഈ കൂട്ടത്തിലുണ്ട്. വനഗ്രാമങ്ങളിൽ താമസിക്കുന്നവരെ പുറത്ത് കൊണ്ടുവരുന്നതിനായി നടപടി ആരംഭിച്ചതോടെ ഗോത്ര വിഭാഗത്തിലുള്ളവരൊഴികെ മറ്റുള്ളവർ ഭൂമി വിൽക്കാൻ തയ്യാറായി. ഇത് മനസ്സലാക്കി റിസോർട്ട് ബിസിനസുകാർ ചുരുങ്ങിയ വിലയ്ക്കാണ് സ്ഥലം കൈക്കലാക്കിയത്. സ്ഥലം വാങ്ങി ചെറിയ കുടിലുകൾ വെച്ചുകെട്ടിയ സംഘം പിന്നീട് വിപുലീകരിച്ചാണ് റിസോർട്ടുകളായി പ്രവർത്തനം തുടങ്ങിയത്. വനത്തിനകത്തുകൂടെ റിസോർട്ടുകളിലേക്കെത്തുന്ന സഞ്ചാരികളെ തടയാനും വനമേഖലയിലുള്ള അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി സ്വീകരിക്കാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.