aswathy-

കോഴിക്കോട്: ലോക്ക്ഡൗൺ വിരസത അകറ്റാൻ എട്ടാംക്ലാസുകാരിയായ അശ്വതി പയറ്റാത്ത അഭ്യാസങ്ങളൊന്നുമില്ല. ചിത്രരചന, കരകൗശലം തുടങ്ങി യൂട്യൂബിനെ ഗുരുവാക്കി പരീക്ഷണമായിരുന്നു ദിവസവും. ഒന്നിലും തൃപ്തിയാകാതെ യൂട്യൂബിൽ തയച്ചിരിക്കെയാണ് കണ്ടോർഷനിൽ കണ്ണുടക്കിയത്. പരീക്ഷിക്കാൻ പുറപ്പെട്ട അശ്വതി പതിവായി പരിശീലിച്ചതോടെ അത്ഭുപ്പെടുത്തുന്ന മെയ്യഭ്യാസിയായി. ശരീരം വളച്ചൊടുക്കുന്നത് കണ്ടാൽ ആരും പകച്ചു പോകും. ഈ പെൺകുട്ടിയുടെ ദേഹത്ത് എല്ലില്ലേയെന്ന് ചോദിച്ചവർ പോലുമുണ്ടത്രേ. അസാധാരണമായ രീതിയിൽ വിനോദ രൂപമെന്ന നിലയിൽ ഒരാളുടെ ശരീരത്തെ വിചിത്രവും പ്രകൃതി വിരുദ്ധവുമായ സ്ഥാനങ്ങളിലേക്ക് വളച്ചൊടിക്കുന്നതിനും വളയ്ക്കുന്നതിനുമുള്ള കഴിവായ കണ്ടോർഷനിൽ ഏറെ പടവുകൾ കയറി കഴിഞ്ഞു കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ അശ്വതി.

ഫോട്ടോ ജേർണലിസ്റ്റായ അച്ഛൻ പ്രവീണും അമ്മ രത്നകുമാരിയും ചേച്ചി പാർവതിയും അശ്വതിയുടെ താല്പര്യത്തെ എതിർത്തെങ്കിലും പിന്തിരിയില്ലെന്ന് ഉറപ്പായതോടെ പിന്തുണ നൽകാമെന്ന് തീരുമാനിച്ചു. അച്ഛനാണ് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്. ആറു മാസമെടുത്തു കണ്ടോർഷൻ വഴങ്ങാനെന്ന് അശ്വതി പറയുന്നു. തുടക്കത്തിൽ പേടിയുള്ളതിനാൽ യോഗ മാറ്റ്, ബെഡ് തുടങ്ങിയവയിലായിരുന്നു പരിശീലനം. ക്രമേണ സാധാരണ പ്രതലങ്ങളിലേക്ക് മാറ്റി. ഇപ്പോൾ ആശ്വതി ആഗ്രഹിക്കുന്നതു പോലെ അവളുടെ ശരീരവും അനുസരിക്കുന്നു.