കോഴിക്കോട്: വെളിച്ചം പരത്തുന്ന നാടായി കോഴിക്കോട് മാറുന്നു. അഞ്ച് വർഷത്തിനിടെ ജില്ലയിൽ പുതിയ വൈദ്യുതി കണക്ഷൻ കിട്ടിയത് 1,34,663 ഉപഭോക്താക്കൾക്ക്. 27.55 കോടി രൂപ ചെലവിട്ടായിരുന്നു വെളിച്ചമെത്തിച്ചത്. 700.75 കിലോമീറ്റർ പുതിയ 11 കെ.വി ലൈനുകളുടെ നിർമാണം 75.12 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കി. 1163.32 കിലോമീറ്റർ എൽ.ടി ലൈൻ, 1005 പുതിയ വിതരണ ട്രാൻസ്‌ഫോർമറുകൾ എന്നിവയും സ്ഥാപിച്ചു. 197.58 കോടി രൂപ ചെലവഴിച്ചായിരുന്നു പ്രവൃത്തികൾ. 2017ൽ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി മാറിയിട്ടുണ്ട് കോഴിക്കോട്.
ഫിലമെന്റ് ഫ്രീ കേരള പദ്ധതിയിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 66051 ഉപഭോക്താക്കളാണ്. 525552 എൽ.ഇ.ഡി ബൾബുകൾ മാർച്ചിന് മുമ്പ് വിതരണം ചെയ്യാൻ നടപടി പുരോഗമിക്കുകയാണ്.
110 കെ.വി കിനാലൂർ സബ്‌സ്റ്റേഷൻ, 66 കെ.വി സൈബർപാർക്ക്, 33 കെ.വി ഫറോക്ക്, 33 കെ.വി പേരാമ്പ്ര എന്നീ സബ് സ്റ്റേഷനുകളുടെ നിർമാണം 28.13 കോടി ചെലവിൽ പൂർത്തീകരിച്ചു. 34.93 കോടി രൂപയുടെ കുന്ദമംഗലം 220 കെ.വി. ജി.ഐ.എസ്. പദ്ധതിയിൽ 21.47 കോടിയുടെ പ്രവൃത്തികളും 28.49 കോടി രൂപയുടെ കുന്ദമഗലം മലയമ്മ 220-110 കെ.വി മൾട്ടി സർക്യൂട്ട് മൾട്ടീ വോൾട്ടേജ് ലൈനിന്റെ നിർമാണ പ്രവൃത്തിയിൽ 11.68 കോടിയുടെ പ്രവൃത്തിയും പൂർത്തിയായി. 38.65 കോടി ചെലവിൽ കക്കയം എസ്.എച്ച്.ഇ.പിയും പൂർത്തിയായി.
ഇ വെഹിക്കിൾ ചാർജ് സ്റ്റേഷൻ
ജില്ലയിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിംഗിനായി ഇ വെഹിക്കിൾ ചാർജ് സ്റ്റേഷനുകളുടെ നിർമാണം ആരംഭിച്ചു. നല്ലളം സബ് സ്റ്റേഷനിലെ സ്റ്റേഷന്റെ പണി പൂർത്തിയാക്കി.
സൗരോർജ നിലയങ്ങൾ
ജില്ലയിലെ സബ്‌സ്റ്റേഷനുകളിലും ജനറേറ്റിംഗ് സ്റ്റേഷനുകളിലുമായി 0.90 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയം പൂർത്തീകരിച്ചു. ഓർക്കാട്ടേരിയിൽ 0.035 മെഗാവാട്ടിന്റെയും പൂഴിത്തോട് 0.03 മെഗാവാട്ടിന്റെയും തലക്കുളത്തൂരിൽ 0.65 മെഗാവാട്ടിന്റെയും നല്ലളത്ത് 0.035 മെഗാവാട്ടിന്റെയും കോഴിക്കോട് കെ.ഡി.പി.പിയിൽ 0.035 മെഗാവാട്ടിന്റെയും കുന്ദമംഗലത്ത് 0.02 മെഗാവാട്ടിന്റെയും ചെമ്പുക്കടവ് 0.035 മെഗാവാട്ടിന്റെയും ഉറുമിയിൽ 0.06 മെഗാവാട്ടിന്റെയും സൗരോർജ്ജ നിലയങ്ങളാണ് പൂർത്തീകരിച്ചത്. 44 സ്‌കൂളുകളിൽ 0.48 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങൾ യാഥാർത്ഥ്യമായി. കോഴിക്കോട് കോർപ്പറേഷനിൽ നടക്കാവ് സ്‌കൂളിലും ജി.എൽ.പി.എസ് എരഞ്ഞിക്കലുമായി 0.025 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങളാണ് കമ്മിഷൻ ചെയ്തത്. സൗര പദ്ധതിയിൽ 16 കിലോവാട്ടിന്റെ നാല് പുര സോളാർ പദ്ധതി പൂർത്തീകരിച്ചു. 1122 കിലോവാട്ടിന്റെ 60 പദ്ധതികൾ അവസാനഘട്ടത്തിലാണ്.