തെരുവ് വിളക്കിനെ ചൊല്ലി ഭരണ- പ്രതിപക്ഷ ആക്ഷേപം
സെക്ഷൻ തലത്തിൽ യോഗം ചേരാമെന്ന് ഡെപ്യൂട്ടി മേയർ
കോഴിക്കോട്: നഗരത്തിലെ തെരുവ് വിളക്കുകൾ എൽ.ഇ.ഡിയാക്കുന്നതിലെ കാലതാമസവും അപാകതയും ചൂണ്ടിക്കാട്ടി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ആക്ഷേപവുമായി ഭരണ-പ്രതിപക്ഷ അംഗങ്ങൾ. കർണാടക ഇലക്ട്രോണിക്‌സ് ഡവലപ്‌മെന്റ് കോർപ്പറേഷനാണ് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് കരാർ എടുത്തിരിക്കുന്നത്.
ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് സി.പി.എമ്മിലെ സി.പി സുലൈമനും എം.പി സുരേഷും ആവശ്യപ്പെട്ടു. പ്രതിപക്ഷത്ത് നിന്ന് പി. ഉഷാദേവി, കെ. മൊയ്തീൻകോയ, കെ.സി. ശോഭിത, നവ്യ ഹരിദാസ് എന്നിവരും പദ്ധതിക്കെതിരെ രംഗത്തെത്തി.
സ്ഥാപിച്ച വിളക്കുകൾ കത്തുന്നില്ലെന്നും സാമഗ്രികളുടെ ഗുണനിലവാരം കുറവാണെന്നും കൗൺസിലർമാർ പറഞ്ഞു. വൈദ്യുതി ബോർഡും കർണാടക ഇലക്ട്രോണിക്‌സ് ഡവലപ്പ്മെന്റ് കോർപ്പറേഷനും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന ആക്ഷേപവും ഉയർന്നു.
പ്രശ്‌നം ചർച്ച ചെയ്യാൻ വൈദ്യുതി ബോർഡ് സെക്ഷൻ ഓഫീസ് അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെയും കർണാടക ഇലക്ട്രോണിക്‌സ് ഡവലപ്‌മെന്റ് കോർപറേഷൻ പ്രതിനിധികളുടെയും യോഗം വിളിക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അറിയിച്ചു. ഇതിനിടെകർണാടക ഇലക്ട്രോണിക്‌സ് ഡവലപ്‌മെന്റ് കോർപറേഷന് 47,50,000 രൂപ അനുവദിച്ചു.
പദ്ധതി നിർവഹണത്തിന് ആവശ്യമായ തുകയിൽ കുറവ് വരുത്തിയതുമായി ബന്ധപ്പെട്ട് കെ.സി ശോഭിത നൽകിയ അടിയന്തര പ്രമേയം ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് തള്ളി. വിഷയം മേയറും സെക്രട്ടറിയും സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തിയതാണ്. പദ്ധതി വിഹിതം കുറക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയ സാഹചര്യത്തിൽ അടിയന്തര പ്രമേയത്തിന്റെ ആവശ്യമില്ലെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് വീട് പുതുക്കി പണിയാൻ പത്ത് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിൽ ഒരു ലക്ഷം രൂപയിലധികം രജിസ്‌ട്രേഷൻ തുക വരുന്നത് ഒഴിവാക്കണമെന്ന് പി. പ്രസീന അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു.
മാങ്കാവ് ജംഗ്ഷനിലെ ഗതാഗതകുരുക്ക് നീക്കാൻ നടപടി ഉണ്ടാവണമെന്ന് എൽ.ജെ.ഡി അംഗം എൻ.സി മോയിൻകുട്ടി ശ്രദ്ധക്ഷണിച്ചു. തരിശുഭൂമിയിൽ കൃഷി ഇറക്കുന്നതിന് പദ്ധതി വേണമെന്ന് ടി. മുരളീധരൻ ആവശ്യപ്പെട്ടു. മാലിന്യം ശേഖരിക്കുന്ന സ്വകാര്യ ഏജൻസികളെ തടയണമെന്നും ഹരിത സേനയ്ക്ക് പ്രാധാന്യം നൽകണമെന്നും കെ.പി. രാജേഷ്കുമാർ ആവശ്യപ്പെട്ടു. ബീച്ചിലെ നവീകരണത്തിന്റെ ഭാഗമായുള്ള ഉന്തുവണ്ടി കച്ചവർക്കാർക്ക് സൗകര്യമൊരുക്കണമെന്ന് സി.പി. സുലൈമാനും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടികൾക്ക് കെട്ടിടം നിർമ്മിക്കണമെന്ന് സി.എസ് സത്യഭാമയും ശ്രദ്ധക്ഷണിച്ചു. കോതി അപ്രോച്ച് റോഡിൽ ലൈറ്റ് കത്തുന്നില്ലെന്ന് മൊഹ്‌സിന പറഞ്ഞു. പി. ഉഷാദേവി,കെ. നിർമല, സുജാത കൂടത്തിങ്കൽ ഇ.എം. സോമൻ, ഈസ അഹമ്മദ്, അജീബ ഷമീൽ,പി.സി രാജൻ, പി.കെ. നാസർ, കെ. റംലത്ത്, അൽഫോൺസ മാത്യു, എൻ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
സത്രം കോളനിയിലുള്ളവരെ ഒഴിപ്പിക്കില്ല: ഡെപ്യൂട്ടി മേയർ
കോഴിക്കോട് : സത്രം കോളനിയിലെ താമസക്കാരെ ഒഴിപ്പിക്കില്ലെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി മേയർ സി.പി മുസഫർ അഹമ്മദ് പറഞ്ഞു. സത്രം കോളനിയിലെ കുടുംബങ്ങളെ ഒഴിപ്പിക്കരുതെന്നാവശ്യപ്പെട്ട് എസ്.കെ അബൂബക്കർ കോയ ശ്രദ്ധ ക്ഷണിച്ചു. സത്രം കോളനിയിൽ വർഷങ്ങളായി അനധികൃതമായി താമസിക്കുന്ന കുടുംബങ്ങൾക്ക് 30 ദിവസത്തിനുള്ളിൽ ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയതായി കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് പറഞ്ഞു. ഈ നടപടിയിൽ നിയമപരമായി തെറ്റില്ല. കോർപ്പറേഷനിലെ ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യം നൽകിയതായിരുന്നു ഇവിടെ. എന്നാൽ 60 വർഷത്തോളമായി അവർ അവിടെ താമസിക്കുകയാണ്. അഞ്ച് പേർ മാത്രമാണ് താമസിക്കുന്നവരിൽ കോർപ്പറേഷൻ തൊഴിലാളികൾ. നഗരത്തിലെ പ്രധാന ഇടമായ ഇവിടെ ഷോപ്പിംഗ് കോംപ്ലക്‌സുകളും മറ്റും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി സെക്രട്ടറി യോഗത്തെ അറിയിച്ചു. സത്രം കോളനിയിലെ 33 കുടുംബങ്ങളാണുള്ളത്. ഇവർക്ക് ലൈഫ് പദ്ധതി പ്രകാരം വീടു നിർമിച്ചു നൽകിയാൽ ഒഴിയാൻ തയ്യാറാണെന്ന് അബൂബക്കർകോയ യോഗത്തെ അറിയിച്ചു. പാവങ്ങളെ കുടിയിറക്കി ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കെ. മൊയ്തീൻകോയ വ്യക്തമാക്കി.
കൊവിഡ് പ്രതിരോധം പോരാ
കോഴിക്കോട്: നഗരത്തിൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ശക്തമായ നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും വേണമെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗം.
ബീച്ചിലും ജനങ്ങൾ കൂടിച്ചേരുന്ന സ്ഥലങ്ങളിലും ജാഗ്രത പാലിക്കണമെന്ന് കൗൺസിൽ യോഗം നിർദ്ദേശിച്ചു. സി.പി.എമ്മിലെ വി.കെ മോഹൻദാസ് ശ്രദ്ധ ക്ഷണിച്ചു. ബീച്ചിലും മാനാഞ്ചിറയിലും മറ്റ് വിനോദകേന്ദ്രങ്ങളിലും ജനങ്ങൾ കൂട്ടത്തോടെ ഒഴുകിയെത്തുകയാണ്. മിഠായിത്തെരുവിൽ ഉൾപ്പെടെ വ്യാപാരകേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ ജനബാഹുല്യം അനുഭവപ്പെടുകയാണ്. പൊലീസും റവന്യു വകുപ്പും തുടക്കത്തിൽ ഉണ്ടായിരുന്ന ജാഗ്രത ഇപ്പോൾ കാണിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ആദ്യത്തെ അഞ്ചുമാസം കൊവിഡിനെ ഫലപ്രദമായി നിയന്ത്രിച്ചെന്ന് സെക്രട്ടറി പറഞ്ഞു. 28000 പേർക്കാണ് നഗര പരിധിയിൽ കൊവിഡ് ബാധിച്ചത്. ഇതുവരെ 1.42 ലക്ഷം പരിശോധനകൾ നടത്തിയിട്ടുണ്ട്. നഗരസഭയുടെ പ്രതിരോധ പ്രവർത്തനം ശക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയുംപൊലീസിന്റെയും സഹകരണം ഇക്കാര്യത്തിൽ തേടുമെന്ന് ഡെപ്യൂട്ടി മേയർ സി.പി മുസഫർ അഹമ്മദ് അറിയിച്ചു.
മേൽപ്പാലങ്ങളിലെ വിളക്ക് പരിപാലനം
കാലാവധി 3 വർഷത്തേക്ക് കൂടി നീട്ടി
കോഴിക്കോട്: മേൽപ്പാലങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ച് പരിപാലിക്കുന്നതിനും പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനും കോർപ്പറേഷനുമായി കരാറിലേർപ്പെട്ട കമ്പനിയ്ക്ക് മൂന്ന് വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകാൻ കൗൺസിൽ യോഗത്തിൽ തീരുമാനം.
കോർപ്പറേഷൻ പരിധിയിലെ നായനാർ മേൽപ്പാലം ഒഴികെ എട്ട് മേൽപ്പാലങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിച്ച് പരിപാലിക്കുന്നതിന് 2015ലാണ് അഞ്ച് വർഷത്തേക്ക് ആഡ്വെർബ് എന്ന സ്ഥാപനത്തിന് കരാർ നൽകിയത്. മറ്റ് വകുപ്പുകളിൽ നിന്ന് അനുമതി വൈകിയതും കൊവിഡ് പ്രതിസന്ധിയും ചൂണ്ടിക്കാണിച്ചാണ് കരാർ നീട്ടിയത്.പരസ്യം സമയബന്ധിതമായി സ്ഥാപിക്കുന്നതിനും ചെലവായ തുക കണ്ടെത്തുന്നതിനും സാധിച്ചിട്ടില്ലെന്ന് കരാറുകാരൻ വ്യക്തമാക്കി. പണി പൂർത്തീകരിച്ച ആറ് മേൽപ്പാലങ്ങളുടെയും തീയതി ഏകീകരിച്ച് 2017 ഡിസംബർ 21 ആയും കരാർ കാലാവധി 2018 ജനുവരി ഒന്നിന് ആരംഭിക്കുന്ന രീതിയിൽ ഉത്തരവ് ഉണ്ടാകണമെന്നുമായിരുന്നു കമ്പനിയുടെ അപേക്ഷ. എന്നാൽ ഇത് അനുവദിക്കാനാകില്ലെന്ന് പ്രതിപക്ഷവും കാലാവധി നീട്ടിൽ നൽകണമെന്ന് ഭരണപക്ഷവും ആവശ്യപ്പെട്ടു. റീ ടെൻഡർ വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. എന്നാൽ ടെൻഡർ നടപടികളെല്ലാം പൂർത്തിയാക്കിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മാനുഷിക പരിഗണന നൽകി കാലാവധി ഉയർത്തണമെന്നും മുൻ നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.സി അനിൽകുമാർ പറഞ്ഞു. എന്നാൽ തെറ്റായ കീഴ്വഴക്കം പുതുതായി ആരംഭിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു. ധനകാര്യ കമ്മറ്റിയുടെ ശുപാർശ അംഗീകരിക്കണമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. സി.പി. സുലൈമാൻ,എസ്.കെ. അബൂബക്കർ, കെ. മൊയ്തീൻകോയ, ടി. റനീഷ് എന്നിവർ സംസാരിച്ചു.