haritha-audit

 ജില്ലാതല പ്രഖ്യാപനം മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു

കോഴിക്കോട്: കേരളത്തിലെ പതിനായിരം ഗവ. ഓഫീസുകൾ ഹരിത ഓഫീസുകളാക്കി മാറ്റുന്നതിന്റെ ജില്ലാതല പ്രഖ്യാപനം തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഹരിത ഓഡിറ്റിന്റെ ഭാഗമായി 141 ടീമുകളായി 1272 ഓഫീസുകൾ പരിശോധിച്ചു. ഇതിൽ 967 ഓഫീസുകളാണ് ഹരിത ഓഫീസ് സാക്ഷ്യപത്രം നേടിയത്. 325 ഓഫീസുകൾ 70 മാർക്കിന് താഴെയായതിനാൽ ഗ്രേഡിംഗിന് യോഗ്യത നേടിയില്ല.

മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്ന ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനം ഒരു ശീലമായി ഏറ്റെടുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ഒരുക്കിയ ചടങ്ങിൽ വി.കെ.സി.മമ്മദ്‌കോയ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് സ്വാഗതം പറഞ്ഞു.
കലക്ടർ സാംബശിവ റാവു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും ഹരിത ഓഫീസുകളായി മാറണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു.

തരംതിരിച്ചു പാഴ്‌വസ്തുക്കൾ ക്ലീൻ കേരള കമ്പനിയ്ക്കും മറ്റ് ഏജൻസികൾക്കും നൽകിയതിന്റെ വില ഹരിതകർമ്മ സേനയ്ക്ക് ലഭ്യമാക്കും. 38 തദ്ദേശ ഭരണ സ്ഥാപനങ്ങൾ ക്ലീൻ കേരള കമ്പനിയ്ക്കും 4 എണ്ണം സ്വകാര്യ ഏജൻസികൾക്കും പാഴ്‌വസ്തുക്കൾ തിരിച്ച് കൈമാറി. ശുചിത്വപദവി കൈവരിച്ച 49 തദ്ദേശഭരണ സ്ഥാപനങ്ങളിൽ 34 ഉം ശുചിത്വ പദവി കൈവരിക്കാത്ത മൂന്ന് ഗ്രാമപഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ചേർന്ന് ക്ലീൻ കേരള കമ്പനിയ്ക്ക് 34. 5 ടൺ പാഴ്വസ്തുക്കളാണ് കൈമാറിയത്. ഇതിലൂടെ ഹരിതകർമ്മ സേനയ്ക്ക് നൽകുന്ന 2,18, 257 രൂപയുടെ പ്രതീകാത്മകമായ ചെക്ക് മന്ത്രി, എം.എൽ.എ, ജില്ലാ കലക്ടർ എന്നിവർ ചേർന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രകാശ്, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടി. നാസർബാബു എന്നിവർക്ക് കൈമാറി.

നൂറിൽ മുഴുവൻ മാർക്കും നേടി എ ഗ്രേഡ് നേടിയ മേഖലാ സ്റ്റേഷനറി ഓഫീസ്, കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി എന്നിവയ്ക്കും അതേ ഗ്രേഡ് നേടിയ കോഴിക്കോട് കോർപ്പറേഷൻ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവയ്ക്കും കോർപ്പറേഷൻ തലത്തിലെ മികച്ച ഓഫീസുകൾക്കുള്ള ഹരിത സാക്ഷ്യപത്രം മന്ത്രി കൈമാറി.

കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. എസ്. ജയശ്രീ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടി. നാസർബാബു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് കെ.വി രവികുമാർ എന്നിവർ ആശംസയർപ്പിച്ചു. കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ കെ. ശിവദാസ് നന്ദി പറഞ്ഞു.

 ഓഫീസുകളും ഗ്രേഡും

എ ഗ്രേഡ് : 299

ബി ഗ്രേഡ് : 343

സി ഗ്രേഡ് : 325

 നൂറു ശതമാനക്കാർ

1. മേഖലാ സ്റ്റേഷനറി ഓഫീസ്

2. കോട്ടപ്പറമ്പ് ആശുപത്രി