കുന്ദമംഗലം: കുന്ദമംഗലം മാതൃകാ പൊലീസ് സ്റ്റേഷന് വേണ്ടി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 5ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്ന് 1.49 കോടി രൂപ ചെലവഴിച്ചാണ് മാതൃകാ പൊലീസ് സ്റ്റേഷൻ കെട്ടിടം പൂർത്തിയാക്കിയത്.
ടൗണിനോട് ചേർന്ന് ആഭ്യന്തര വകുപ്പിന്റെ കൈവശത്തിലുള്ള ഒന്നര ഏക്കർ സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിലേക്ക് സൗകര്യപ്രദമായ റോഡ് നിർമ്മിക്കുന്നതിന് 95 ലക്ഷം രൂപയും കുന്ദമംഗലം ടൗൺ സർവയിലൻസ് സിസ്റ്റത്തിന് 64 ലക്ഷം രൂപയും എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ഡി.സി.പി കെ.പി അബ്ദുൽ റസാഖ്, നോർത്ത് അസി. കമ്മിഷണർ കെ. അഷ്റഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ എം. ധനീഷ് ലാൽ, ചന്ദ്രൻ തിരുവലത്ത്, എം മുസ്തഫ, രാജേഷ് പാറക്കോട്ട്, വി ഷാജു, ജി.എസ് ശ്രീജീഷ്, പി.ടി മുരളീധരൻ, ഇ. രജീഷ്, കെ. ശശികുമാർ, ബഷീർ പുതുക്കുടി, കെ.കെ ജൗഹർ, കെ.പി ഫൈസൽ, എൻ. ബഷീർ, പി.എം മഹേന്ദ്രൻ, കെ.സി രാമചന്ദ്രൻ, പി.വി ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.