കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ 'ദൈവദശകം" കർണാടക സംഗീത രാഗത്തിൽ പ്രാർത്ഥനയുടെ നിറവിൽ അലയടിച്ചുയർന്നപ്പോൾ ആസ്വാദകർ ഭക്തിയുടെ നിർവൃതിയിലാണ്ടു. വിഖ്യാത സംഗീതജ്ഞൻ ടി.എം കൃഷ്ണ ഇന്നലെ നഗരത്തെ ചൈതന്യധന്യമാക്കുകയായിരുന്നു.
കോഴിക്കോട് കാരപ്പറമ്പ് സ്‌കൂളിൽ പെയ്തിറങ്ങിയ സ്വരമാധുരി ആസ്വാദകർ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റുകയായിരുന്നു. ഗുരുദേവൻ രചിച്ച പ്രാർത്ഥനാഗീതം ആസ്പദമാക്കി ഒരുക്കിയെടുത്ത 'ആഴിയും തിരയും" സംഗീത പരിപാടിയുടെ രണ്ടാം ഭാഗമാണ് ഇന്നലെ കോഴിക്കോട്ട് അരങ്ങേറിയത്. ആദ്യഭാഗം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മുംബൈയിലെ ടാറ്റ തീയറ്ററിൽ അവതരിപ്പിച്ചിരുന്നു. കൊവിഡ് സൃഷ്ടിച്ച ദീർഘ ഇടവേള കഴിഞ്ഞ് കോഴിക്കോട്ട് നടക്കുന്ന ആദ്യ പൊതു സംഗീതപരിപാടിയായി കൃഷ്ണയുടേത്. പത്തു മാസത്തിനു ശേഷം ടി.എം. കൃഷ്ണയുടെ രണ്ടാമത്തെ കച്ചേരി. ആദ്യകച്ചേരി റിപ്പബ്ലിക് ദിനത്തിൽ കണ്ണൂരിലായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ഭദ്രകാളി അഷ്ടകം, അനുകമ്പാ ദശകം , ജനനി നവരത്‌ന മഞ്ജരി, ആത്മോപദേശ ശതകം എന്നീ കൃതികളിൽ നിന്നുള്ള ഭാഗങ്ങളാണ് കൃഷ്ണ ആലപിച്ചത്. വയലിനിൽ അക്കരായ് സുബ്ബലക്ഷ്മിയും മൃദംഗത്തിൽ ബി. ശിവരാമനും ഘടത്തിൽ എൻ. ഗുരുപ്രസാദും കച്ചേരിയ്ക്ക് അകമ്പടിയേകി. ലോകം കടന്നു നീങ്ങുന്ന ഈ ദുർഘട കാലഘട്ടത്തിൽ ഗുരു മുന്നോട്ടു വച്ച സമഭാവന എന്ന ആശയത്തിനു പ്രസക്തിയേറെയാണെന്ന് ടി.എം കൃഷ്ണ പറഞ്ഞു. ഈ ആശയം മുൻനിരറുത്തിയാണ് 'ആഴിയും തിരയും" എന്ന പ്രമേയം പിറക്കുന്നത്. നൂൽ ആർകൈവ്സും ബാക്ക് വാട്ടേഴ്‌സുമാണ് ഇതിന്റെ അണിയറ ശില്പികൾ. 'ഉരു"വും ഡിസൈൻ ആശ്രമവും ചേർന്നാണ് കോഴിക്കോട്ട് കച്ചേരി സംഘടിപ്പിച്ചത്.