ഇ മൊബിലിറ്റി പദ്ധതിയുമായി അനർട്ട്
കൽപ്പറ്റ: സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഇലക്ട്രിക് കാറുകൾ വാടകയ്ക്ക് നൽകാൻ പദ്ധതിയൊരുക്കി അനർട്ട്. ഒറ്റത്തവണ ചാർജിങ്ങിലൂടെ 120 കിലോമീറ്റർ മുതൽ 450 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്ന വിവിധ മോഡലിലുള്ള കാറുകളാണ് സംസ്ഥാന സർക്കാരിന്റെ ഇലക്ട്രിക് വാഹന നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ലീസ് കോൺട്രാക്ട് വ്യവസ്ഥയിൽ നൽകുന്നത്. 6 മുതൽ 8 വർഷം വരെയുള്ള കാലയളവിലേക്ക് വാഹനങ്ങൾ ലഭിക്കും. 22,950 രൂപ മുതൽ 42,840 രൂപ വരെയാണ് മോഡലുകൾക്ക് അനുസരിച്ചുളള മാസ വാടക. സർക്കാറിന്റെ ഇമൊബിലിറ്റി പദ്ധതിയുടെ നോഡൽ ഏജൻസിയായ അനർട്ട് ഇതിനകം സാംസ്‌കാരിക വകുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ, പരിസ്ഥിതി വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പുകൾക്കായി 80 ൽ പരം വാഹനങ്ങൾ നൽകിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ കോൺട്രാക്ട് വ്യവസ്ഥയിൽ ലഭിക്കുന്നതിനായി www.anert.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. മോട്ടോറിന്റെ ശേഷി, ഒരു ചാർജിൽ പരമാവധി ഉപയോഗിക്കാൻ സാധിക്കുന്ന കിലോമീറ്റർ എന്നിവയുടെ അടിസ്ഥാനത്തിൽ വകുപ്പുകൾക്ക് നേരിട്ട് വാഹനം തെരഞ്ഞെടുക്കാം. ഒരു മാസത്തെ അഡ്വാൻസ് തുക നൽകിയാൽ 15 മുതൽ 30 ദിവസത്തിനുള്ളിൽ വാഹനം ലഭിക്കും. കാറുകൾക്ക് ഒപ്പം എ.സി. ചാർജ്ജും ഉണ്ടാകും. അഞ്ച് മുതൽ 10 മണിക്കൂർ വരെ സമയത്തിനുള്ളിൽ കാർ ചാർജ് ചെയ്യാം. പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് 30-60 മിനുറ്റിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. പദ്ധതിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് അനർട്ടിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ. 4936 206216.