കോഴിക്കോട്: കോർപ്പറേഷനിൽ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പായി.എ.പ്രദീപ് കുമാർ എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. പി.എം.എ.വൈ ആദ്യഗഡു വിതരണവും നടന്നു. ലൈഫ് പദ്ധതിയിലൂടെ ഇത്രയും വീടുകൾ ലഭ്യമാക്കാൻ സാധിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ക്രിയാത്മക ഇടപെടലിലൂടെയാണെന്ന് എം.എൽ.എ പറഞ്ഞു. ടാഗോർ ഹാളിൽ നടന്ന സംഗമത്തിൽ ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിൽ 3189 ഗുണഭോക്താക്കളാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 2692 ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു അനുവദിച്ച് ഭവന നിർമ്മാണം ആരംഭിച്ചു. തറ നിർമ്മാണം പൂർത്തികരിച്ച 2052 ഗുണഭോക്താക്കൾക്ക് രണ്ടാം ഗഡുവും മേൽക്കൂര നിർമ്മാണം പൂർത്തീകരിച്ച 1909 ഗുണഭോക്താക്കൾക്ക് മൂന്നാം ഗഡുവും വിതരണം ചെയ്തിരുന്നു. പദ്ധതി തുക 127.06 കോടി രൂപയാണ്. ഇതിൽ കേന്ദ സംസ്ഥാന വിഹിതമായി 28.35 കോടി രൂപയും നഗരസഭ വിഹിതമായി 54.32 കോടി രൂപയുമാണ് വകയിരുത്തിയത്. കോർപ്പറേഷനിൽ 79.78 കോടി രൂപ ഭവന നിർമാണത്തിനായി വിതരണം ചെയ്തിട്ടുണ്ട്. പി.എം.എ.വൈ പ്രകാരം 1352 ഗുണഭോക്താക്കളാണ് ഭവന നിർമ്മാണം പൂർത്തികരിച്ചത്. കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, കൃഷിവകുപ്പ്, പൊലീസ്, റവന്യൂ വകുപ്പ്, സാമൂഹ്യ സുരക്ഷ പെൻഷനുകൾ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, സിവിൽ സപ്ലെസ്, ഫിഷറീസ്, ബാങ്കിംഗ് സേവനങ്ങൾ, ശുചിത്വ മിഷൻ, ആരോഗ്യ വകുപ്പ്, ജനന മരണ രജിസ്ട്രേഷൻ, എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി പ്രത്യേകം കൗണ്ടറുകളും കൊവിഡ് ടെസ്റ്റ് കൗണ്ടറുംസംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അംഗങ്ങളായ പി.സി. രാജൻ, ഒ.പി ഷിജിന, പി ദിവാകരൻ, ഡോ.എസ് ജയശ്രീ, കൃഷ്ണകുമാരി, പി. കെ നാസർ, സി രേഖ, അഡീഷണൽ സെക്രട്ടറി പി.കെ സജീവ്, കുടുംബശ്രീ പ്രോജക്ട് ഓഫീസർ ടി. കെ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.