covid
കൊവിഡ്

കോഴിക്കോട്: സ്കൂളുകൾ തുറന്നതോടെ കുട്ടികളിലും കൊവിഡ് വ്യാപകമാവാൻ തുടങ്ങി. ആരോഗ്യ വകുപ്പ് നിഷ്കർഷിക്കുന്ന നിബന്ധനകൾ കണക്കിലെടുക്കാതെ വിദ്യാർത്ഥികൾ കൂട്ടംകൂടുന്നതിനിടയിലാണ് സമ്പർക്കബാധ. ഗ്രാമീണ മേഖലയിലെ നാലു വിദ്യാലയങ്ങളിലാണ് മറ്റിടങ്ങളിൽ നിന്ന് വിഭിന്നമായി കൊവിഡ് പടർന്നിരിക്കുന്നത്. കുട്ടികളിൽ വൈറസ് ബാധ വ്യാപിക്കുന്നതിൽ രക്ഷിതാക്കളെന്ന പോലെ അദ്ധ്യാപകരും ആശങ്കയിലാണ്.

ചില മേഖലകളിലെ സ്‌കൂളുകളിൽ കൊവിഡ് പടരുന്നത് ഉത്കണ്ഠയുളവാക്കുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ പറഞ്ഞു. ഈ പ്രശ്നത്തിൽ ആരോഗ്യ പ്രവർത്തകരേക്കാൾ കൂടുതൽ ഫലപ്രദമായി ഇടപെടാൻ സാധിക്കുക അദ്ധ്യാപകർക്കാണ്. ഒപ്പം രക്ഷിതാക്കൾക്കും. ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരിക്കുന്ന പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

 രോഗികൾ 584;

രോഗമുക്തർ 610

ജില്ലയിൽ ഇന്നലെ 584 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. സമ്പർക്കം വഴി 569 പേർക്കാണ് രോഗബാധ. വിദേശത്തു നിന്നെത്തിയ രണ്ടു പേർക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിൽ 5,393 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ചികിത്സയിലായിരുന്ന 610 പേർ രോഗമുക്തരായി.

കോഴിക്കോട് സ്വദേശികളായ 7920 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്. കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ 231. മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ 108 പേരും.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 135, കൊടുവളളി 32, കക്കോടി 27, താമരശ്ശേരി 20, കുന്നുമ്മൽ 19.