mobile-app

കോഴിക്കോട്: ജില്ലയുടെ സ്വപ്‌ന പദ്ധതിയായ ' നമ്മുടെ കോഴിക്കോട് ' മൊബൈൽ ആപ്ലിക്കേഷനും വെബ്‌പോർട്ടലും 30ന് വൈകീട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ലോഞ്ച് ചെയ്യുമെന്ന് ജില്ലാ കളക്ടർ സാംബശിവറാവു വാർത്താ സമ്മേളത്തിൽ അറിയിച്ചു. മാനാഞ്ചിറ സ്‌ക്വയറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എ. കെ ശശീന്ദ്രൻ, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. 'നമ്മുടെ കോഴിക്കോട്' പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച പരിപാടികളുടെ പ്രവർത്തനം ലളിതമായും കാലതാമസം കൂടാതെയും സജ്ജമാകുന്ന വിധത്തിലാണ് മൊബൈൽ ആപ്ലിക്കേഷനും വെബ്‌പോർട്ടലും തയ്യാറാക്കിയിരിക്കുന്നത്. പൗരന്റെ അടിസ്ഥാന ആവശ്യങ്ങൾ മുതൽ ജില്ലയെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങളെല്ലാം ഇതിലൂടെ ലഭ്യമാകും. പ്ലേ സ്റ്റോറിൽ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാകും. പദ്ധതി ആസൂത്രണത്തിലും നിർവഹണത്തിലും പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കലാണ് 'നമ്മുടെ കോഴിക്കോടി'ന്റെ ലക്ഷ്യം. സർക്കാർ അറിയിപ്പുകൾ, നിർദ്ദേശങ്ങൾ, ആനുകാലിക വാർത്തകൾ എന്നിവയെല്ലാം പ്രാദേശികാടിസ്ഥാനത്തിൽ വിതരണം ചെയ്യാവുന്ന വിധത്തിലാണ് ആപ്ലിക്കേഷൻ സജ്ജീകരിച്ചിരിക്കുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ലഭ്യമാകുന്ന സേവനങ്ങൾ

വിവിധ സർക്കാർ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ. സർക്കാർ ആനുകൂല്യങ്ങൾ, ക്ഷേമപദ്ധതികൾ, പൊതുജന സേവകരുമായി കൂടിക്കാഴ്ചക്കായി തീയതി നിശ്ചയിക്കാനും നേരിട്ടോ, വീഡിയോ/ ഫോൺ കോളിലൂടെയോ സംസാരിക്കാൻ സൗകര്യം, വാർഡ് / പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ / ജില്ലാതലം എന്നിവ കേന്ദ്രീകരിച്ചുള്ള അറിയിപ്പുകൾ. മൂന്ന് സെക്കൻഡിലേറെ സമയം എസ്.ഒ.എസ് ബട്ടൺ അമർത്തി അടിയന്തര സഹായം തേടാനുള്ള സംവിധാനം. അടിയന്തിര ഘട്ടങ്ങളിൽ സംഭവസ്ഥലത്ത് നിന്ന് ഫോട്ടോ / വീഡിയോ പകർത്തി ലൊക്കേഷൻ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യാനും ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടൽ ഉറപ്പുവരുത്താനും സൗകര്യം.

'നമ്മുടെ കോഴിക്കോട് ' പദ്ധതികൾ

ഉദയം, എനേബിളിംഗ് കോഴിക്കോട്, ക്രാഡിൽ, ഹാപ്പി ഹിൽ, മാനസികാരോഗ്യകേന്ദ്രത്തിന്റെ വികസനം, സുഫലം, മിഷൻ തെളിനീർ, മിഷൻ ക്ലീൻ ബീച്ച്, മിഷൻ സുന്ദര പാതയോരം, ആരോഗ്യ ജ്വാല, ആരോഗ്യ ജാഗ്രത, സ്മാർട്ട് ചലഞ്ച്.