പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തിൽ രണ്ട്‌‌ പാലങ്ങൾക്കും ‌ കുറ്റ്യാടി പുഴയുടെ തീര സംരക്ഷണത്തിനുമായി 23.20 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്ക് ഭരണാനുമതിയായി.

കുറ്റ്യാടി പുഴയ്‌ക്ക്‌ കുറുകെ തോട്ടത്താൻകണ്ടി പാലം നിർമാണത്തിന്‌ 9.20 കോടി രൂപയുടെയും കീഴരിയൂർ - തുറയൂർ പൊടിയാടി റോഡിലെ ചിറ്റടിതോടിനു കുറുകെ മുറിനടക്കൽ പാലം നിർമിക്കാൻ നാലു കോടി രൂപയുടെയും ഭരണാനുമതിയാണ് പൊതുമരാമത്ത്‌ വകുപ്പിൽനിന്ന്‌‌ ലഭിച്ചത്‌. കുറ്റ്യാടി പുഴയുടെ ചങ്ങരോത്ത്‌, ചെറുവണ്ണൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ പ്രളയത്തിലും മറ്റും തകർന്ന പുഴയുടെ തീരം സംരക്ഷിക്കാൻ ഭിത്തി നിർമിക്കുന്ന പദ്ധതിക്ക് 10 കോടി രൂപയുടെ ഭരണാനുമതിയാണ്‌ ജലവിഭവ വകുപ്പിൽ നിന്ന്‌ ലഭിച്ചത്‌. മുൻ വർഷങ്ങളിലെ പ്രളയത്തിൽ പുഴയുടെ തീരം ഇടിഞ്ഞ്‌ നശിച്ചിരുന്നു. ചങ്ങരോത്ത്‌, ചെറുവണ്ണൂർ, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പുഴയുടെ ഇടതുഭാഗത്താണ്‌ കൂടുതൽ മണ്ണിടിച്ചിലുണ്ടായത്‌. ചങ്ങരോത്ത്‌ പഞ്ചായത്തിലെ 1, 13, 14, 19 വാർഡുകളിലൂടെയും ചെറുവണ്ണൂർ പഞ്ചായത്തിലെ 1, 2, 12, 14 വാർഡുകളിലൂടെയും കടന്നുപോകുന്ന പുഴയുടെ ഇടതുഭാഗത്തെ ഭിത്തിയാണ്‌ കെട്ടി സംരക്ഷിക്കാൻ ഭരണാനുമതി ആയത്. അടിസ്ഥാന സൗകര്യ വികസന രംഗത്തും കാർഷിക മേഖലയിലും വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളിലും വൻ വികസന മുന്നേറ്റമാണ് പേരാമ്പ്ര മണ്ഡലം കൈവരിച്ചത്.