കോഴിക്കോട്: കൊടുവള്ളി നിയോജകമണ്ഡലത്തിൽ ജൽ ജീവൻ പദ്ധതി വിപുലമാക്കുന്നു.
ആദ്യഘട്ടത്തിൽ നരിക്കുനി ഗ്രാമപഞ്ചായത്തിൽ 5320 വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകും. ഇതോടെ പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തും. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ 100 വീടുകളിലും മടവൂർ ഗ്രാമപഞ്ചായത്തിലെ 60 വീടുകളിലും കുടിവെള്ളമെത്തി കഴിഞ്ഞു. രണ്ടാംഘട്ടത്തിൽ ഓമശ്ശേരി, താമരശ്ശേരി, കിഴക്കോത്ത്, മടവൂർ, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കും. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് ഫെബ്രുവരി മാസത്തിൽ തയ്യാറാക്കും. മാർച്ച് മാസത്തോടെ ഭരണാനുമതി ലഭ്യമാക്കുകയാണ് ലക്ഷ്യം. 24 മാസത്തിനകം പദ്ധതി പൂർണമായും പൂർത്തീകരിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാകും. ഇതിനായി മാവൂർ കൂളിമാടിൽ രണ്ട് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കും. മണ്ഡലത്തിലെ മുപ്പതിനായിരത്തോളം വീടുകളിൽ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിനായി ഏകദേശം 350 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറായി വരുന്നതെന്ന് കാരാട്ട് റസാഖ് എം.എൽ.എ അറിയിച്ചു.
കേരള വാട്ടർ അതോറിറ്റി ചീഫ് എൻജിനിയറുടെ കാര്യാലയത്തിൽ നടന്ന യോഗത്തിൽ കാരാട്ട് റസാഖ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹ്മാൻ, മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ, കേരള വാട്ടർ അതോറിറ്റി ഉത്തരമേഖല ചീഫ് എൻജിനിയർ ബി ഷാജഹാൻ, സൂപ്രണ്ടിംഗ് എൻജിനിയർ കെ വിനോദൻ, എക്സിക്യൂട്ടിവ് എൻജിനിയർ പി. സി ബിജു, ജമാൽ പി, വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു