വടകര: തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ (ഐ.ഐ.ഐ.സി) വിവിധ തൊഴിൽ നൈപുണ്യപരിശീലന കോഴ്സുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. കോഴിക്കോട് ജില്ലയിലെ തൊഴിലന്വേഷകർക്കായുള്ള അഡ്മിഷൻ വടകരയിൽ വാഗ്‌ഭടാനന്ദ ഹാളിൽ (മടപ്പള്ളി ഹൈസ്കൂളിന് സമീപം ) 30, 31 തീയതികളിൽ നടക്കും. നാളെ രാവിലെ 9. 30-ന് സി. കെ. നാണു എം. എൽ. എ ഉദ്‌ഘാടനം നിർവഹിക്കും. ഐ.ഐ.ഐ.സി ചെയർമാൻ കൂടിയായ യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി അദ്ധ്യക്ഷത വഹിക്കും. ഐ. ഐ. ഐ. സി. ഡയറക്ടർ ഡോ.ജി. ശ്രീകുമാർ മേനോൻ, വകുപ്പ് മേധാവി കമാൻഡർ വിനോദ് ശങ്കർ തുടങ്ങിയവർ സംബന്ധിക്കും.
മെച്ചപ്പെട്ട തൊഴിൽ ലഭിക്കാൻ സഹായിക്കുന്നതാണു ഐ.ഐ.ഐ.സി യുടെ കോഴ്സുകൾ. നിർമ്മാണരംഗത്തു 95 വർഷത്തെ പാരമ്പര്യമുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല.