കൽപ്പറ്റ: ഉൾക്കാട്ടിൽ ആദിവാസികൾ താമസിക്കുന്ന കോളനിയോടും വനത്തോടും ചേർന്ന് റിസോർട്ടുകളും ഹോം സ്റ്റേകളും പെരുകുന്നു. മുത്തങ്ങ റെയിഞ്ചിലെ കുമിഴി, ചുക്കാലിക്കുനി എന്നീ വനഗ്രാമങ്ങളിൽ ജനജീവിതം തന്നെ ദു:സഹമായതായും പരാതി നൽകിയിട്ടും ഫലമില്ലെന്നും ആരോപണം. നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ട കുമിഴിയിലും ചുക്കാലിക്കുനിയിലുമായി 110 ഗോത്രവർഗ്ഗ കുടുംബങ്ങളും 20 ചെട്ടി സമുദായക്കാരുമാണ് താമസിക്കുന്നത്. ഈ കൊച്ചുഗ്രാമത്തിൽ 13 ഹോം സ്റ്റേകളും റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. അതിലൊന്ന് മുൻ ഡിവൈ.എസ്.പിയുടെതാണ്. ഒന്നിനും പഞ്ചായത്ത് ലൈസൻസോ മറ്റു അനുമതികളോ ഇല്ല. ബന്ദിപ്പൂർ മുതുമല വയനാട് വന്യജീവി കേന്ദ്രങ്ങളുടെ സംഗമ കേന്ദ്രമാണ് ഈ ഗ്രാമങ്ങൾ.
കുമിഴി, ചുക്കാലക്കുനി പ്രദേശത്തേക്ക് വനത്തിനുള്ളിലൂടെ മാത്രമെ വഴിയുള്ളൂ. നിയമപ്രകാരം ഈ റോഡ് ഗ്രാമത്തിലെ താമസക്കാർക്ക് മാത്രം ഉപയോഗിക്കാനേ അനുവാദമുള്ളൂവെങ്കിലും റിസോർട്ടുകാർ രാപ്പകൽ ഭേദമില്ലാതെ ഉപയോഗിക്കുന്നുണ്ട്. റിസോർട്ടിലെത്തുന്ന താമസക്കാർ വന്യജീവി കേന്ദ്രത്തിലും ആദിവാസി കോളനികൾക്കുള്ളിലും യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്നു. കാട്ടിനുള്ളിൽ പാട്ടും ഡാൻസും ചൂതാട്ടവും നടത്തുന്നു. തൊട്ടടുത്ത പുഴയിൽ കുളിക്കുന്ന ആദിവാസി സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നതായും പരാതിയുണ്ട്.
പുഴയരികിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും മദ്യപിക്കുകയും രാത്രി ക്യാമ്പ് ഫയർ ഇടുകയും പതിവാണ്. വൈദ്യുതിക്കുവേണ്ടി ഡീസൽ മോട്ടോറുകൾ ഉപയോഗിക്കുന്നുണ്ട്. റിസോർട്ടിൽ ജോലിക്കു പോയിരുന്ന മിനി എന്ന യുവതി നാലു വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. ഭർത്താവ് മണി പൊലീസിൽ പരാതിപ്പെട്ടെങ്കിലും കേസ് ഒതുക്കുകയാണുണ്ടായത്
കാട്ടുനായ്ക്ക കോളനിയോട് ചേർന്ന് പുതിയ റിസോർട്ടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഈ പ്രദേശത്തെ മുഴുവൻ ഹോം സ്റ്റേകളും റിസോർട്ടുകളും അടച്ചുപൂട്ടണമെന്നും മിനിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വനപാതകൾ ഗ്രാമീണ താമസക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതിയും കുമിഴി ആദിവാസി ഗ്രാമ പ്രതിനിധികളും ആവശ്യപ്പെട്ടു. ജില്ലാ കലക്ടർ , ട്രൈബൽ ഓഫീസർ, ജില്ലാ പൊലീസ് മേധാവി, വന്യജീവി കേന്ദ്രം വാർഡൻ, ബാലാവകാശ കമ്മീഷൻ എന്നിവർക്ക് നിവേദനം നൽകി. എൻ.ബാദുഷ , ചുക്കാലിക്കുനി ചന്ദ്രിക, കുമിഴി ഷീബ, കെ.എസ്.അനൂപ് ചുക്കാലിക്കുനി വസന്ത, തോമസ് അമ്പലവയൽ എന്നിവർ പങ്കെടുത്തു.