കോഴിക്കോട്: മലബാറിലെ ക്ഷീരോത്പാദന മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ടുള്ള പുത്തൻ പദ്ധതികൾ വരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ക്ഷീരോല്പാദക സംഘങ്ങളിലെ ഭാരവാഹികളുടെ സംഗമത്തിൽ പുതിയ പദ്ധതികൾക്ക് ഏകദേശ രൂപമായി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി മലബാർ മേഖലാ ക്ഷീരോല്പാദക സഹകരണ യൂണിയനു കീഴിലുള്ള ക്ഷീരോല്പാദക സംഘങ്ങളിലെ ഭാരവാഹികളായ 72 പേരാണ് ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ മുതൽ അംഗങ്ങൾ വരെയുണ്ട്.
മലബാറിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ മിൽമയെ എങ്ങിനെ കൈപിടിച്ചുയർത്താമെന്നതിൽ ഊന്നിയായിരുന്നു ചർച്ച. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി ഹൈടെക് തൊഴുത്തുകൾ നിർമിച്ചു നൽകുന്നതും പലിശരഹിത വായ്പയിലൂടെ കന്നുകാലികളെ വിതരണം ചെയ്യുന്നതുമുൾപ്പെടെ മലബാറിൽ ധവളവിപ്ലവം സൃഷ്ടിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ പലതും ഉയർന്നുവന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ക്ഷീര കർഷകർക്ക് ഉല്പാദിപ്പിക്കുന്ന പാലിന് നൽകുന്ന പ്രേത്സാഹന വില, കാലിത്തീറ്റയ്ക്ക് നൽകുന്ന സബ്‌സിഡി എന്നിവ മുടങ്ങാനിടയാവരുതെന്ന് പലരും ചൂണ്ടിക്കാട്ടി. യുവാക്കൾ കൂടുതലായി ക്ഷീരോത്പാദക മേഖലയിലേക്ക് കടന്നു വരുന്നതിന് ആകർഷകമായ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്ന ആവശ്യവുമുയർന്നു.
മിൽമയ്ക്ക് പാൽ കൂടാതെ 45 ഉപ ഉത്പന്നങ്ങളുണ്ടെങ്കിലും അവ വേണ്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിച്ചേരുന്നില്ല. കടുംബശ്രീയുടെയും സഹകരണ സംഘങ്ങളുടെയും സഹകരണത്തോടെ മിൽമയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഗ്രാമങ്ങൾ തോറും വിറ്റഴിക്കാനുള്ള പദ്ധതിയും ചർച്ചയിൽ വിഷയമായി. ആരോഗ്യത്തിനു ഹാനികരമായ മറുനാടൻ പാലുകളെ ചെറുക്കാൻ ജനകീയ പങ്കാളിത്തം ഉറപ്പാക്കും.
മലബാർ മേഖലയിൽ പാൽ ഉത്പാദനം ഗണ്യമായി വർദ്ധിച്ചതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാൽ ഇപ്പോൾ മിച്ചം വരുന്നുണ്ട്. എന്നിട്ടും കർഷകനന്മ മുൻനിറുത്തി സംഭരണം കുറച്ചിട്ടില്ല. മിച്ചം വരുന്ന പാൽ നഷ്ടം സഹിച്ചും പൊടിയാക്കി സൂക്ഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.