കോഴിക്കോട് : വേലിയേറ്റമേഖലയിൽ നിന്നും അമ്പത് മീറ്ററിനുളളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് ആവിഷ്ക്കരിച്ച പുനർഗേഹം പദ്ധതി നടപ്പാക്കുമ്പോൾ രജിട്രേഷൻ ഒരു ലക്ഷത്തിലധികം രൂപ ചിലവാകുന്നത് മത്സ്യ തൊഴിലാളികൾക്ക് തിരിച്ചടിയാകുന്നു. കോർപ്പറേഷൻ പരിധിയിൽ ചുരുങ്ങിയത് രണ്ട് സെന്റും പഞ്ചായത്ത് പരിധിയിൽ മൂന്ന് സെന്റും ഭൂമി കണ്ടെത്തുന്നവർക്കാണ് പുനർഗേഹം പദ്ധതി വഴി സഹായം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് ലഭിക്കുക. ഇതിൽ നിന്ന് ഒരുലക്ഷത്തോളം രൂപ രജിസ്ട്രേഷൻ നടപടികൾക്കായി ചിലവാകും. ഈ തുക ഒഴിവാക്കിക്കൊടുക്കണമെന്ന് കോഴിക്കോട് കോർപ്പറേഷൻ പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. പുതിയങ്ങാടി കൗൺസിലർ അവതരിപ്പിച്ച പ്രമേയം ഭരണ പ്രതിപക്ഷഭേദമന്യേ അംഗീകരിക്കുകയായിരുന്നു. തീരപ്രദേശത്ത് അമ്പത് മീറ്ററിനുളളിൽ താമസിക്കുന്ന മത്സ്യതൊഴിലാളികളല്ലാത്തവരെയും പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്.
മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതികൾ നടപ്പാക്കുന്നത്. മത്സ്യഭവൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പത്ത് ലക്ഷം രൂപയുടെ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂമിയുടെ വില ആറ് ലക്ഷമായും വീടിന് നാല് ലക്ഷമായും കണക്കാക്കിയിട്ടുണ്ടെങ്കിലും ഭൂമി വിലയിൽ ഇളവ് ലഭിക്കുന്ന പക്ഷം ആ തുകയും ഗൃഹനിർമ്മാണത്തിനുപയോഗിക്കാം എന്ന പ്രത്യേകതയും ഈ പാക്കേജിലുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത ഭവനമൊരുക്കി സന്തുഷ്ട തീരം സൃഷ്ടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഫണ്ട് കണ്ടെത്തിയിട്ടുളളത്. ആദ്യഘട്ടത്തിൽ 21 കോടി രൂപയാണ് ജില്ലയ്ക്ക് അനുവദിച്ചത്.