കോഴിക്കോട്: ഇൻഡോ - അറബ് കോൺഫെഡറേഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ആഗോള പ്രവാസി സംഗമം നാളെ മലബാർ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 6.30ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവഹിക്കും.

പത്മശ്രീ ജേതാവ് അലി മണിക് ഫാനെ ചടങ്ങിൽ ഗവർണർ ആദരിക്കും. സംഗമത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അവാർഡുകൾക്ക് ഫെഡറൽ ബാങ്ക് സോണൽ ഹെഡ് സി.വി. റെജി, റീ സെറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിംകുട്ടി, കെ.യു.ഡബ്ള്യു. ജെ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ എന്നിവർ അർഹരായതായി കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഗൾഫ് മേഖലയിലെ മലയാളി പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സംഗമത്തിൽ ചർച്ച ചെയ്ത് പരിഹാര നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിന് സമർപ്പിക്കും.

വാർത്താസമ്മേളനത്തിൽ കൗൺസിൽ ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, ഓർഗനൈസിംഗ് ചെയർമാൻ ദിനിൽ ആനന്ദ്, സെക്രട്ടറിമാരായ അൻവർ കുനിമേൽ, പി.എം കോയ, പ്രോഗ്രാം കോ ഓർഡിനേറ്റർ എം.പി ഇമ്പിച്ചഹമ്മദ് എന്നിവർ സംബന്ധിച്ചു.