ഭുവനേശ്വർ: ബാർ കൗൺസിൽ ഒഫ് ഇന്ത്യ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഭുവനേശ്വറിൽ 'കിറ്റ് " (കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്നോളജി) കല്പിത സർവകലാശാലയുടെ സഹകരണത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാ വരുന്നു. നിയമ അദ്ധ്യാപകരുടെയും അഭിഭാഷകരുടെയും നൈപുണ്യ വികസനത്തിനെന്ന പോലെ ഗവേഷണത്തിനും കൂടി സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സ്ഥാപനം. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമായിരിക്കും ഇത്.
കലിംഗ കാമ്പസിൽ നിന്നു ഇതിനായി ഒന്നര ലക്ഷം ചതുരശ്ര അടി സ്ഥലം വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് ധാരണാപത്രമായി. നിർദ്ദിഷ്ട സ്ഥാപനത്തിന് അടിസ്ഥാനസൗകര്യമൊരുക്കുന്നതിനുള്ള ചെലവിന്റെ 40 ശതമാനം കലിംഗ സർവകലാശാല വഹിക്കും.
ബി.സി.ഐ ട്രസ്റ്റ് 1986-ൽ ബംഗളൂരുവിൽ സ്ഥാപിച്ച നാഷണൽ ലോ സ്‌കൂൾ ഒഫ് ഇന്ത്യ യൂണിവേഴ്സിറ്റി നിയമ വിദ്യാഭ്യാസ രംഗത്ത് ആഗോള അംഗീകാരം നേടിയ സർവകലാശാലയായി വളരുകയായിരുന്നു. നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതുതലമുറ അദ്ധ്യാപകർക്കും യുവ അഭിഭാഷകർക്കും മികവുറ്റ രീതിയിൽ നൈപുണ്യവികസനം സാദ്ധ്യമാക്കുന്ന കേന്ദ്രം തുടങ്ങുകയെന്നത് ബി.സി.ഐ ട്രസ്റ്റിന്റെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. വിദ്യാഭ്യാസ വിചക്ഷണനും കലിംഗ സ്ഥാപകനുമായ ഡോ.അച്യുത സാമന്തയുമായി ബന്ധപ്പെട്ടതിനു പിറകെയാണ് ലോ ഇൻസ്റ്റിറ്റ്യൂട്ടിന് വഴി തെളിഞ്ഞത്.
ആദ്യഘട്ടത്തിൽ അക്കാഡമിക് സ്റ്റാഫ് കോളേജിനു പുറമെ സ്‌കൂൾ ഒഫ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ, ഐ.ഐ.എൽ ട്രെയ്‌നിംഗ് സെന്റർ, സെന്റർ ഫോർ ലീഗൽ എയ്ഡ്, വിദേശ വിദ്യാർത്ഥികൾക്കായുള്ള ബ്രിഡ്‌ജ് കോഴ്സുകൾ എന്നിവയുണ്ടാകും ഇൻസ്റ്റിറ്റ്യൂട്ടിൽ. ആദ്യത്തെ മൂന്നു വർഷം കോഴ്സുകൾ ബി.സി.ഐ ട്രസ്റ്റ് മാത്രമായിരിക്കും നടത്തുക. പിന്നീട് ഐ.ഐ.എൽ പാറ്റേണിൽ കോഴ്സുകൾ നടത്താൻ മികവുറ്റ ലാ സ്‌കൂളുകൾക്കും അനുമതി നൽകും.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പിനായി രൂപീകരിക്കുന്ന ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ, അക്കാഡമിക് കൗൺസിൽ എന്നിവയിൽ ജുഡിഷ്യറിയിലെ പ്രമുഖരും റിട്ട. ജസ്റ്റിസുമാരും വിഖ്യാത നിയമജ്ഞരുമെല്ലാമുണ്ടാവുമെന്ന് ബാർ കൗൺസിൽ സെക്രട്ടറി ശ്രീമന്തോ സെൻ വ്യക്തമാക്കി.