കോഴിക്കോട്: മാവൂരിൽ ഗ്രാസിമിന് സംസ്ഥാന സർക്കാർ നൽകിയ 400 ഏക്കറോളം ഭൂമിയിൽ നിന്ന് 60 സെന്റ് സ്ഥലം വിട്ട് നൽകാനാവില്ലെന്ന് മാനേജ്മെന്റ്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മാവൂർ രജിസ്ട്രാർ ഓഫീസിനും.ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനും സ്ഥലം വിട്ടുതരണമെന്ന് അവശ്യപ്പെട്ട് പി.ടി.എ റഹിം എം.എൽ.എ നൽകിയ കത്തിനുള്ള മറുപടിയിലാണ് ഭൂമി കൊടുക്കാൻ കഴിയില്ലെന്ന് ഗ്രാസിം മാനേജ്മെന്റ് അറിയിച്ചത്.വ്യവസായം അവസാനിപ്പിച്ചിട്ടില്ലെന്നും.ഗ്വാളിയോറിലെ ഗ്രാസിം വ്യവസായത്തിന്റെ യൂണിറ്റാണ് മാവൂരിലേതെന്നും മാനേജ്മെന്റ് കത്തിൽ വ്യക്തമാക്കി. മാവൂരിലെ ഫാക്ടറി സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയ സാഹചര്യത്തിൽ സ്ഥലം അനുവദിച്ചാൽ കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കത്തിൽ സൂചിപ്പിച്ചു. സ്ഥല പരിമിതി മൂലം മാവൂർ പഞ്ചായത്തിലെ പല വികസന പദ്ധതികളും സമീപ പഞ്ചായത്തുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ഒഴിവാക്കാനാണ് എം.എൽ.എ സ്ഥലം ആവശ്യപ്പെട്ടത്. ഗ്രാസിം മാനേജ്മെന്റിനെതിരെ സർക്കാരുമായി ആലോചിച്ച് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പി.ടി.എ റഹിം പറഞ്ഞു. .