meeting

കൽപ്പറ്റ: ആദിവാസി കോളനികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗം നിയന്ത്രിക്കുന്നതിനായി ജില്ലയിൽ വിമുക്തി പദ്ധതി ഊർജ്ജിതപ്പെടുത്താൻ ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു. നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. കോളനികളിൽ നേരിട്ടെത്തി ഉദ്യോഗസ്ഥർ മദ്യവിമുക്ത പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം.

അമിത ലഹരി ഉപഭോഗത്തിന്റെ ഫലമായി ആദിവാസികളിൽ ആത്മഹത്യ പ്രവണത കൂടിവരുന്നതായി സി.കെ.ശശീന്ദ്രൻ എം.എൽ.എ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം കോളനികളുടെ സ്വൈരജീവിതം തകരുന്ന വിധത്തിലുള്ള സംഘർഷങ്ങൾ കോളനികളിൽ കൂടി വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പോക്‌സോ കേസുകൾക്ക് ഇരയാകേണ്ടി വരുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ആദിവാസികൾക്കിടയിൽ ബോധവത്കരണം നടത്താനും ജില്ലാ വികസന സമിതിയോഗം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. കോളനികളിലെ പഠനമുറികൾ, സാമൂഹ്യ അടുക്കളയുടെ നിർമ്മാണങ്ങൾ പരോഗമിപ്പിക്കുന്നതിന് എ.ഡി.സി ജനറലിന് നിർദ്ദേശം നൽകി.

കൽപ്പറ്റ വാരാമ്പറ്റ റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള തടസ്സങ്ങൾ ഉടൻ തീർക്കാനും തീരുമാനിച്ചു. സമരഭൂമിയിൽ താമസിക്കുന്ന കൈവശവാകാശ രേഖകളില്ലാത്ത കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം ലഭ്യമാക്കുന്നതിന് അടുത്ത മാസം ആദ്യം യോഗം ചേർന്ന് തീരുമാനമെടുക്കും. കാരാപ്പുഴ ലാൻഡ് അക്വസിഷൻ ഓഫീസ് അറ്റകുറ്റപ്പണികൾ വേഗത്തിലാക്കും.

പുത്തുമല പുനരധിവാസ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.

ചുരത്തിലെ ചരക്ക് വാഹനഗതാഗതം നിയന്ത്രിക്കാനും, ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗശല്യം നിയന്ത്രിക്കാനും നടപടിയുണ്ടാകണമെന്നും രാഹുൽ എം.പി യുടെ പ്രതിനിധി കെ.എൽ.പൗലോസ് ആവശ്യപ്പെട്ടു. തോട്ടം ഭൂമി തരം മാറ്റൽ പോലുള്ള പ്രവണതകൾക്കെതിരെ റവന്യൂ വകുപ്പ് അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥ തലത്തിൽ ഇതിന് കൂട്ട് നില്ക്കുന്നണ്ടോ എന്ന് പരിശോധിക്കണമെന്നും, വരൾച്ചാ ലഘൂകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ആവശ്യപ്പെട്ടു.
ജില്ലാ കള്കടർ ഡോ.അദീല അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ ഡോ.ബൽപ്രീത് സിങ്, ജില്ലാ പ്ലാനിങ്ങ് ഓഫീസർ ഇൻ ചാർജ്ജ് സുഭദ്രനായർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.