കോഴിക്കോട്:കാലവർഷത്തിൽ തകർന്ന റോഡുകൾ ഉൾപ്പെടെ അറ്റകുറ്റപ്പണികൾ ഫെബ്രുവരിയിൽ പൂർത്തിയാക്കാൻ തീരുമാനം. പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളും സമയബന്ധിതമായി പൂർത്തീകരിക്കും. വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതിയും ജില്ലാ വികസന സമിതി യോഗം വിലയിരുത്തി.
ജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി തുടങ്ങിയ സാന്ത്വന സ്പർശം അദാലത്ത് കുറ്റമറ്റതാക്കാൻ വകുപ്പുകൾ കൃത്യമായ ഇടപെടൽ നടത്തണമെന്ന് ജില്ലാ കളക്ടർ എസ്.സാംബശിവ റാവു ആവശ്യപ്പെട്ടു.പരാതികളിൻമേൽ കൃത്യമായ പരിശോധന നടത്തി മറുപടി ലഭ്യമാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
വിലങ്ങാട് കോളനി, കരിഞ്ചോല മല മേഖലകളിലെ വീട് നിർമ്മാണം ഫെബ്രുവരിയിൽ പൂർത്തിയാവും. പ്രളയത്തിൽ പൂർണമായോ ഭാഗികമായോ വീട് തകർന്ന 15 കുടുംബങ്ങൾക്ക് തുക വിതരണം ചെയ്തതായി ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
കോടഞ്ചേരി പഞ്ചായത്തിൽ കഴിഞ്ഞ പ്രളയത്തിൽ തകർന്ന പുളിക്കൽകടവ് പാലം, പുളിക്കൽപടി പാലം, കാരംപാറ പാലം എന്നിവയുടെ പുനർനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും പുളിക്കൽ പടി പാലത്തിന് 40 ലക്ഷം രൂപയുടെയും പുളിമൂട്ടിൽ കടവ് പാലത്തിന് 30 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റ് സമർപ്പിച്ചതായി എൽ.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
പന്നിയങ്കര ആനമങ്ങാട് ചക്കുംകടവ് കോളനി വാസികൾക്ക് ഫെബ്രുവരി 15നകം പട്ടയം നൽകും. മരുതോങ്കര പഞ്ചായത്ത് പശുക്കടവ് വില്ലേജിലെ തൊള്ളായിരത്തോളം പട്ടയ ഭൂമിയുടെ സർവേ നടപടികൾ സർക്കാർ നിർദ്ദേശം ലഭിച്ചയുടൻ ആരംഭിക്കുമെന്ന് എൽ.ആർ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. .
വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കായി എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടിലുൾപ്പെടുത്തി നിയോജക മണ്ഡലാടിസ്ഥാനത്തിലെ ഒരു സ്‌കൂളിന് ഒരു ലാബ് സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്ന് ഹരിതകേരളമിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു. കൊയിലാണ്ടി മണ്ഡലത്തിലെ രണ്ട് സ്‌കൂളുകൾക്കും കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം മണ്ഡലങ്ങളിലെ 12 സ്‌കൂളുകൾക്കും ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ ഉടൻ പൂടത്തീകരിക്കും. യോഗത്തിൽ എം.എൽ.എമാരായ ഇ. കെ വിജയൻ, സി.കെ നാണു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആർ മായ, ജില്ലാതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.