calicut-

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ പഠന വകുപ്പുകളിലേക്കുള്ള അദ്ധ്യാപക നിയമനങ്ങളെച്ചൊല്ലി പരാതിപ്രളയം.

നേരത്തെ സേവ് യൂണിവേഴ്സിറ്റി ഫോറമാണ് ആരോപണമുന്നയിച്ചതെങ്കിൽ, അഭിമുഖത്തിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ തന്നെയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇക്കണോമിക്സ് വിഭാഗത്തിൽ ജനുവരി 21 മുതൽ മൂന്ന് ദിവസങ്ങളിലായി നടന്ന അഭിമുഖത്തിന് വിഷയ വിദഗ്ദ്ധനായെത്തിയത് ഒരു ഉദ്യോഗാർത്ഥിയുടെ റിസർച്ച് ഗൈഡാണെന്നാണ് ആക്ഷേപം. ഈ ഉദ്യോഗാർത്ഥിയ്ക്ക് നിയമനം ഉറപ്പാക്കാൻ വിഷയ വിദഗ്ദ്ധൻ ഇടപെടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. അഭിമുഖത്തിനെത്തിയ 20 പേർ പരാതിയിൽ ഒപ്പ് വച്ചിട്ടുണ്ട്. ആരോപണ വിധേയനായ പ്രൊഫസറെ ഒഴിവാക്കി പുതിയ സമിതി രൂപീകരിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

നേരത്തെ ഇതേതരത്തിലുള്ള ആരോപണം എഡ്യുക്കേഷൻ വിഭാഗത്തിലും ഉയർന്നിരുന്നു. എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യ പങ്കെടുക്കുന്ന ഇന്റർവ്യുവിൽ വിഷയ വിദഗ്ദ്ധനായി അവരുടെ റിസർച്ച് ഗൈഡിനെ ഉൾപ്പെടുത്തിയെന്നതിനെ ചൊല്ലിയായിരുന്നു അത്.

കാലിക്കറ്റ് സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങളിൽ ഏതെല്ലാം വിഷയങ്ങളിലാണ് സംവരണം എന്ന് ഒരിക്കലും പറയാറില്ല. വേണ്ടപ്പെട്ടവർ എത്തുമ്പോൾ അവർക്ക് നിയമനം നൽകുകയും അല്ലാത്ത സാഹചര്യങ്ങളിൽ സംവരണമാക്കി മാറ്റുകയും ചെയ്യുന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്.
ഒഴിവ് വരുന്ന തസ്തികകൾ പുറത്തറിയിക്കാതെ മൂടിവെക്കുന്നതായും

സേവ് യൂണിവേഴ്സിറ്റി ഫോറം ഭാരവാഹി ആർ.എസ് ശശികുമാർ ആരോപിച്ചു. വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചിട്ടും ഒഴിവുകൾ വന്ന തീയതി അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.