കോഴിക്കോട്: സംസ്ഥാനത്തെ മദ്രസ അദ്ധ്യാപകർക്ക് കരിപ്പൂരിലെ ഹജ്ജ് ഹൗസ് കേന്ദ്രീകരിച്ച് സ്ഥിരം പരിശീലനത്തിന് സൗകര്യമൊരുക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. 'കില"യുടെ മാതൃകയിലുള്ള പരിശീലന കേന്ദ്രം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. കാലികവിഷയങ്ങളിൽ ഒരാഴ്ച നീളുന്ന റസിഡൻഷ്യൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുക.
തിരഞ്ഞടുക്കപ്പെട്ട 110 പേർക്കായി കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച പരിശീലനപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മുഖേന നൽകുന്ന പലിശരഹിത ഭവന വായ്പയ്ക്കുളള ഗുണഭോക്താക്കളെ മദ്രസ അദ്ധ്യാപക ക്ഷേമനിധി നേരിട്ടായിരിക്കും തിരഞ്ഞെടുക്കുക. അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് ബോർഡ് ധനകാര്യ കോർപ്പറേഷന് കൈമാറും.
സംസ്ഥാന സർക്കാരിന്റെ സദ്സേവന പുരസ്കാരം ലഭിച്ച ക്ഷേമനിധി ജീവനക്കാരൻ കെ.വി.രഞ്ജിത്തിന് മന്ത്രി ഉപഹാരം നൽകി. ഡോ.സലാം ഓമശ്ശേരി രചിച്ച 'കുട്ടികൾ: മന:ശാസ്ത്ര പരിഹാരം" പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. ചടങ്ങിൽ ചെയർമാൻ എം.പി.അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എ.കെ.അബ്ദുൽഹമീദ്, നാസർ ഫൈസി കൂടത്തായി, മുത്തുക്കോയ തങ്ങൾ, മുജീബ് മദനി ഒട്ടുമ്മൽ, അബൂബക്കർ ഫാറൂഖി നന്മണ്ട, ഡോ.ഐ.പി.അബ്ദുൽ സലാം, അഷ്റഫ് ബാഖവി, ഇ.യാക്കൂബ് ഫൈസി എന്നിവർ സംസാരിച്ചു. ബോർഡ് ഡയരക്ടർമാരായ പി.കെ.മുഹമ്മദ് ഹാജി, സിദ്ദീഖ് മൌലവി അയിലക്കാട്, എ.കമറുദ്ദീൻ മൗലവി, ഹാരിസ് ബാഫഖി തങ്ങൾ, ഒ.പി.ഐ.കോയ, ഒ.ഒ.ഷംസു, പി.സി.സഫിയ ടീച്ചർ എന്നിവർ പങ്കെടുത്തു. പൊഫ.മുഹമ്മദ് ഷരീഫ്, ഡോ.എം.എ.മുസ്തഫ, മുഹമ്മദ് അഫ്സല് എന്നിവർ ക്ലാസെടുത്തു. ഉമ്മർ ഫൈസി മുക്കം സ്വാഗതവും ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി.എം.ഹമീദ് നന്ദിയും പറഞ്ഞു.
കുറച്ചുപേർക്ക് ഹജ്ജിന് പോകാൻ
കഴിയുമെന്ന് പ്രതീക്ഷ
കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തിൽ കുറച്ചുപേർക്കെങ്കിലും ഈ വർഷം ഹജ്ജിന് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. കോഴിക്കോട് പുതിയറ ഹജ്ജ് കമ്മിറ്റി ബിൽഡിംഗിൽ ആരംഭിച്ച റീജിണൽ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഹജ്ജ് കമ്മിറ്റി ലോഗോ മന്ത്രി പ്രകാശനം ചെയ്തു. ഹജ്ജ് കമ്മിറ്റി റീജിണൽ ഓഫീസ് ദിവസവും പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് റൂൾസ് 2020 സംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് ഉടൻ സമർപ്പിക്കും. വഖഫ് ബോർഡിൽ നിന്ന് കിട്ടുന്ന തുക പാവപ്പെട്ട മദ്രസ അധ്യാപകർക്കും പണ്ഡിതന്മാർക്കും പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനും ഉപയോഗിക്കും. ഡോ.എം.കെ മുനീർ എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് എംകെ മുനീർ എം.എൽ.എ പ്രകാശനം ചെയ്തു. അഞ്ചാംവർഷ ഹജ്ജ് അപേക്ഷകർ സ്പോൺസർ ചെയ്ത കമ്പ്യൂട്ടർ ചെയർമാൻ സി മുഹമ്മദ് ഫൈസി സ്വീകരിച്ചു. അഡ്വ പി.ടി.എ റഹീം എം.എൽ.എ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ വി.എം കോയ മാസ്റ്റർ, ഹജ്ജ് കമ്മിറ്റി മെമ്പർമാരായ മുസമ്മിൽ ഹാജി ചങ്ങനാശ്ശേരി, പി.കെ അഹമ്മദ് കോഴിക്കോട്, കാസിം കോയ പൊന്നാനി, അനസ് ഹാജി അരൂർ, മുഹമ്മദ് ശിഹാബുദ്ദീൻ, എസ് സാജിദ, ഷംസുദ്ദീൻ അരിഞ്ചിര, അബൂബക്കർ ചെങ്ങാട്ട്, സ്വാഗതസംഘം ചെയർമാൻ ഇമ്പിച്ചിക്കോയ, കൺവീനർ പി കെ ബാപ്പുഹാജി ഹജ്ജ് കമ്മിറ്റി കോ-ഓർഡിനേറ്റർ അഷ്റഫ് അരയൻകോട്, അസി.സെക്രട്ടറി ഇ.കെ മുഹമ്മദ് അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു.