ബാലുശ്ശേരി:അപൂർവങ്ങളായവ ശേഖരിക്കുക ചിലരുടെ "ദൗർബല്യമാണ് ". എകരൂൽ എസ്റ്റേറ്റ് മുക്കിലെ സുലൈമാൻ മാഷിനുമുണ്ട് അത്തരമൊരു കൗതുകം. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉപയോഗിച്ചിരുന്നതും പ്രചാരത്തിലുള്ളതുമായ പേനകൾ ശേഖരിച്ച് ശ്രദ്ധേയനാവുകയാണ് ഈ റിട്ട.അദ്ധ്യാപകൻ. സുലൈമാൻ മാഷിന്റെ ശേഖരത്തിൽ യു.എസ്.എ, ഇംഗ്ലണ്ട്, സ്പെയിൻ, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിലകൂടിയ അമൂല്യങ്ങളായ നിരവധി പേനകളാണ് ഉള്ളത്. ഷീഫേഴ്സിന്റെ ആറ് മോഡലുകൾ, പാർക്കർ 21, 45, 51, ഒലിവർ, പൈലറ്റ്, ഹാവോലിൻ എൽ.എം, വാട്ടർമാൻ, കാനൽ പോസ്, സീബ്രാ കാലിൻ, റിനോൾഡ്സ്, നോസ് ക്രോം എന്നീ ഇംക് പേനകളും ഇതേ കമ്പനികളുടെ റീഫിൽ പേനകളുമുണ്ട്. കാലിഗ്രാഫിയ്ക്കായി ഉപയോഗിക്കുന്ന പേന, ഏറ്റവും ചെറിയ പേന, 22 കാരറ്റ് ഗോൾഡ് നിർമ്മിത നിബ്ബ് പേന, കാർട്ടിഡ്ജ് പേന എന്നിവയും ശേഖരത്തിലുണ്ട്.
കക്കോടി ജി.എൽ.പി.സ്കൂളിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് ഏറെക്കാലം കോഴിക്കോട് നഗരത്തിലെ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു . അവിടുത്തെ കച്ചവടക്കാരിൽ നിന്നും മറ്റും വില കൊടുത്ത് ശേഖരിച്ചവയായിരുന്നു മിക്ക പേനകളും. മാർക്കറ്റിൽ നിന്ന് അപ്രത്യക്ഷമായ 5000 രൂപ വരെ വിലവരുന്ന ഷീ ഫേർഡ് പേനകളാണ് ശേഖരത്തിൽ ഏറെയും.
ആദ്യമൊക്കെ മാവൂർ റോഡിലെ ഗൾഫ് ബസാർ, മിഠായിത്തെരുവിലെ കിംഗ് ആൻഡ് കമ്പനി എന്നിവിടങ്ങളിൽ ഇത്തരം പേനകൾ ലഭിച്ചിരുന്നതായി സുലൈമാൻ മാഷ് പറയുന്നു. ഒരു പേന വാങ്ങുന്നതിന് മാത്രം അഞ്ചും ആറും തവണ കോഴിക്കോട്ടേക്ക് യാത്ര പോയ അനുഭവവും അദ്ദേഹം പങ്കുവെച്ചു. ഇപ്പോഴും അമൂല്യങ്ങളായ പേനകൾ എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാൽ മാഷിന്റെ മനസ് പിടക്കും. സ്വന്തമാക്കുന്നതുവരെ നീളും ആ പെടപ്പ്.
പേനകൾക്ക് പുറമെ ചെറിയ റേഡിയോകൾ, പഴയ കാലത്ത് ഉപയോഗിച്ച വിവിധതരം ക്ലോക്കുകൾ എന്നിവയുമുണ്ട് ശേഖരത്തിൽ.