കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളേജ് വയനാട്ടുകാർക്ക് വേണ്ടിയാവണമെന്നും അത് ജില്ലയുടെ മദ്ധ്യഭാഗത്ത് വയനാട്ടുകാർക്ക് സൗകര്യപ്രദമായ സ്ഥലത്താവണമെന്നുംആവശ്യമുന്നയിച്ച് ജില്ലയിലെ വിവിധ ആക്ഷൻ കമ്മിറ്റികൾ പൊതുവേദി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നു.
വയനാട് ഗവ. മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ണൂർ ജില്ലാ അതിർത്തിയിലെ ബോയ്സ് ടൗൺ അല്ല, വയനാടിന്റെ മധ്യഭാഗത്ത് ദേശീയപാത 766 നോട് ചേർന്ന, മുട്ടിൽ നോർത്ത് വില്ലേജിലെ വാര്യാട് ഉള്ള 65 ഏക്കർ സർക്കാർ ഭൂമിയാണ്.
സർക്കാർ മെഡിക്കൽ കോളേജ് വയനാടിന് ഉപകാരപ്പെടുന്ന രീതിയിൽ അവിടെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തുടർപ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന് വേണ്ടി കർമ്മസമിതി രൂപീകരിക്കും.
ഇതിനായി ഇന്ന് ഞായറാഴ്ച നാല് മണിക്ക് കൽപ്പറ്റ ടൗൺഹാളിന് സമീപം വ്യാപാരഭവനിൽ വച്ച് കർമ്മസമിതി രൂപീകരണ യോഗം ചേരും. ഈ വിഷയത്തിൽ താൽപര്യമുള്ള മുഴുവനാളുകളും പങ്കെടുക്കണമെന്ന് താൽക്കാലിക ഭാരവാഹികളായ ജോണി പാറ്റാനി, ഇ.ഹൈദ്രു, അഡ്വ. ടി.എം. റഷീദ്, ടിജി ചെറുതോട്ടിൽ, എം.എ.അസ്സൈനാർ, ബാബു പഴുപ്പത്തൂർ, മോഹൻ നവരംഗ്, പി.വൈ.മത്തായി, സി.കെ..സമീർ എന്നിവർ അറിയിച്ചു.