കോഴിക്കോട്: സങ്കരവൈദ്യം നടപ്പാക്കരുതെന്ന ആവശ്യമുയർത്തിയുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഐ.എം.എ റിലേ നിരാഹാര സത്യാഗ്രഹം ഇന്ന് ആരംഭിക്കും. രണ്ടാഴ്ച നീളുന്ന സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് കോഴിക്കോട്ട് സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസ് നിർവഹിക്കും. സെക്രട്ടറി ഡോ.പി.ഗോപികുമാർ സംബന്ധിക്കും.
ആയുർവേദ വിഭാഗക്കാർക്ക് 58 ശസ്ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകിയത് ന്യായീകരിക്കാനാവില്ലെന്ന് ഐ.എം.എ ഭാരവാഹികൾ പറയുന്നു. ചികിത്സാരംഗത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ തീരുമാനത്തിനെതിരെ രാജ്യത്തെ ആധുനിക വൈദ്യശാസ്ത്ര ചികിത്സകർ ഡിസംബർ 11ന് ജോലിയിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധസമരം നടത്തിയിരുന്നു. പുനരാലോചനയ്ക്ക് കേന്ദ്ര സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംഘടന തുടർസമരത്തിലേക്ക് കടക്കുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി.