ജില്ലാതല ഉദ്ഘാടനം കളക്ടർ നിർവഹിച്ചു
കോഴിക്കോട്: ജില്ലയിൽ പോളിയോ തുള്ളിമരുന്ന് സ്വീകരിക്കാനെത്തിയത് 186191 കുട്ടികൾ. അഞ്ച് വയസിൽ താഴെ വരുന്ന 2.34 ,814 കുട്ടികൾക്കാണ് പൾസ് പോളിയോ തുളളിമരുന്ന് നൽകുന്നത്. കൊവിഡ് ബാധിതരുടെ വീട്ടിലെ കുട്ടികൾക്ക് ക്വാറന്റൈൻ കാലാവധിക്ക് ശേഷം തുള്ളിമരുന്ന് നൽകും.കൊവിഡ് പോസിറ്റീവായ കുട്ടികൾക്ക് നെഗറ്റീവായി 28 ദിവസം കഴിഞ്ഞതിനു ശേഷവുമാണ് തുള്ളിമരുന്ന് നൽകുക.ജില്ലാതല ഉദ്ഘാടനം പോളിയോ പ്രതിരോധ തുളളിമരുന്ന് നൽകി ജില്ലാ കളക്ടർ എസ്. സാംബശിവറാവു നിർവഹിച്ചു. കോട്ടപ്പറമ്പ് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ വലിയങ്ങാടി വാർഡ് കൗൺസിലർ എസ്. കെ. അബൂബക്കർ, ആർ. ജയന്ത് കുമാർ , കെ. എസ്. അരുൺ, സൂപ്രണ്ട് ഡോ. എം. സുജാത എന്നിവർ സംസാരിച്ചു. ആർ. സി. എച്ച് ഓഫീസർ ഡോ. ടി മോഹൻദാസ് സ്വാഗതവും, ഡോ. പി. ഫിറോസ നന്ദിയും പറഞ്ഞു.
ജില്ലയിൽ 16 ആരോഗ്യ ബ്ലോക്കുകളിലായി 2073 തുളളിമരുന്ന് വിതരണ ബൂത്തുകളാണ് തയ്യാറാക്കിയിരുന്നത്. യാത്രക്കാരുടെയും മറ്റും സൗകര്യം കണക്കിലെടുത്ത് ബസ് സ്റ്റാൻഡുകളിലും റെയിൽവേസ്റ്റേഷനുകളിലും ആളുകൾ എത്തുച്ചേരുന്ന മറ്റു പ്രധാന സ്ഥലങ്ങളിലും ഒരുക്കിയ 57 ബൂത്തുകളിലൂടെ തുള്ളിമരുന്ന് നൽകി. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയായിരുന്നു മരുന്ന് വിതരണം.
കണ്ടെയ്ൻമെന്റ് സോണിലുളളവർ നിയന്ത്രണങ്ങൾ അവസാനിച്ചതിനു ശേഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകണം.
ബൂത്തുകളിൽ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചു കൊണ്ടായിരുന്നു മരുന്ന് വിതരണം.