കൊടിയത്തൂർ:കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ കൈ കഴുകാനോ സാനിറ്റെസർ സൗകര്യമോയില്ലെന്ന് ആക്ഷേപം. നേരത്തെ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും അകത്തേക്ക് പ്രവേശിക്കണമെങ്കിൽ കൈകഴുകൽ നിർബന്ധമായിരുന്നു. ഗേറ്റിൽ അതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. എന്നാൽ സാനിറ്റൈസർ കുപ്പിപോലും ഇപ്പോൾ പരിസരത്ത് കാണാൻ കഴിയില്ല. കൈകഴുകാൻ ഒരുക്കിയ സംവിധാനവും ഉപേക്ഷിച്ച നിലയിലാണ്. അങ്ങാടിയിൽ വിവിധ സംഘടനകൾ സ്ഥാപിച്ച സാനിറ്റൈസർ സംവിധാനങ്ങളും മാസങ്ങൾക്ക് മുമ്പേ ഇല്ലാതായി. മാസ്ക് ധരിക്കലും സാമൂഹ്യ അകലം പാലിക്കലും പേരിന് മാത്രമായി.പലരും മാസ്ക് താടിക്കിട്ടാണ് നടത്തം. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.