flyover

 വരുമോ ആകാശ പാത

പയ്യോളി: ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള ദേശീയപാത വികസനം സ്ഥലമെടുപ്പിൽ ഉടക്കിയതോടെ പയ്യോളിയുടെ സ്വപ്നങ്ങൾ പൂവണിയാൻ ഇനിയും കാത്തിരിക്കേണ്ടിവരുമോ. ബി.ഒ.ടി അടിസ്ഥാനത്തിൽ 45 മീറ്റർ വീതിയിലാണ് കന്യാകുമാരി മുതൽ പനവേൽ വരെയുള്ള ദേശീയപാത 66 വികസിപ്പിക്കേണ്ടത്. ഇതിൽ കണ്ണൂർ - കോഴിക്കോട് ദേശീയപാതയുടെ ആറ് കിലോമീറ്റർ കടന്നു പോകുന്നത് പയ്യോളിയുടെ ഹൃദയഭാഗത്തൂടെയാണ് .പയ്യോളി ടൗൺ , അയനിക്കാട് , ഇരിങ്ങൽ , മൂരാട് എന്നീ പ്രദേശങ്ങളിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. എന്നാൽ അഴിയൂർ - വെങ്ങളം റീച്ചിൽ വരുന്ന പയ്യോളിയിൽ സ്ഥലമേറ്റടുപ്പ് നടപടികൾ എങ്ങുമെത്തിയിട്ടില്ല . ഇരിങ്ങൽ വില്ലേജിൽ നാമമാത്രമായ കെട്ടിടങ്ങൾക്കും വീടുകൾക്കും നഷ്ടപരിഹാര തുക നൽകി സ്ഥലമേറ്റടുപ്പ് ആരംഭിച്ചതാണ് നേരിയ പുരോഗതിയായി പറയാനുള്ളത്.അതെസമയം വീടുകളും കെട്ടിടങ്ങളും സ്ഥലങ്ങളും നഷ്ടപ്പെടുന്നവർ ഇപ്പോഴും പ്രക്ഷോഭപാതയിലാണ്. മാന്യമായ നഷ്ടപരിഹാരം നൽകിയാൽ മാത്രമെ വസ്തുവകകൾ വിട്ടുതരികയുള്ളൂവെന്നാണ് പ്രതിഷേധക്കാരുടെ നിലപാട് . വികസനത്തിന്റെ ഭാഗമായി പയ്യോളി ടൗണിന്റെ ഇരുഭാഗത്തെയും ഒട്ടേറെ കടകളും സ്ഥാപനങ്ങളുമാണ് ഇല്ലാതാവുക. കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും കൃത്യമായ നഷ്ട പരിഹാര പാക്കേജ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ വികസനം വഴിമുട്ടി നിൽക്കുകയാണ്. വ്യാപാരിക്ക് രണ്ട് ലക്ഷം രൂപയും ജോലിക്കാർക്ക് മാസത്തിൽ ആറായിരം രൂപ വീതം ആറ് മാസത്തെ വേതനവും നൽകുമെന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്. ഇപ്പോൾ അതേക്കുറിച്ചും വ്യക്തതയില്ലാത്തത് വ്യാപാരികളിലും ആശങ്ക പരത്തിയിട്ടുണ്ട്. ടൗണിൽ ആകാശപാതയുടെ സാധ്യത തള്ളിക്കളയാനാവില്ല . പാത വികസനം എങ്ങുമെത്താത്തതിനാൽ പണം പാഴായിപ്പോകുമെന്ന ആശങ്കയിൽ വ്യാപാര സ്ഥാപനങ്ങളുടെ അറ്റകുറ്റപണികൾ ചെയ്യാൻ പോലും വ്യാപാരികൾ മടിക്കുകയാണ്.