kk

വടകര: മയ്യഴിപ്പുഴയുടെ സംരക്ഷണത്തിന് ജനങ്ങളെ കൂട്ടിയിണക്കി സംരക്ഷണ കവചമൊരുക്കുന്നു. വയനാട് കുഞ്ഞോത്ത് നിന്നും ആരംഭിച്ച് മാഹി അഴിമുഖത്ത് കടലിനോട് ചേരുന്ന 54കി.മി.ദൈർഘ്യമുളള മയ്യഴി പുഴ സംരക്ഷണത്തിനായി വിപുലമായ ജനകീയ കൂട്ടായ്മക്ക് അഴിയൂർ പഞ്ചായത്തിൽ രൂപം നൽകി. വയനാട്ടിൽ ജനിച്ച് കോഴിക്കോട്, കണ്ണൂർ ജില്ലകൾക്ക് അതിരുതീർത്ത് ഒഴുകി മാഹിയോട് ചേർന്നുള്ള അഴിയൂർ അഴിമുഖത്ത് കടലിൽ ചേരുന്നതാണ് മയ്യഴിപ്പുഴ. പ്രകൃതി രമണീയമായ പുഴ ഇപ്പോൾ മാലിന്യങ്ങൾ നിറഞ്ഞും, മണ്ണൊലിപ്പ് കാരണം ഭിത്തിതകർന്നും ചെളിനിറഞ്ഞും പല ഭാഗങ്ങളിലായി തകർന്നു കൊണ്ടിരിക്കയാണ്. പുഴ സംരക്ഷിക്കാൻ ജനപ്രതിനിധികൾ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ നേതൃതത്തിൽ ചേർന്ന സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. പുഴയുമായി ബന്ധപ്പെട്ട് വാർഡുതല കമ്മിറ്റികൾ ഉണ്ടാക്കാനും പുഴസംരക്ഷണ ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു. പുഴയുടെ തീരഭാഗങ്ങൾ ഉൾപ്പെടുന്ന സ്ഥല എം.എൽ.എ. എം പി, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് മെമ്പർമാർ എന്നിവരെയടക്കം പങ്കെടുപ്പിച്ച് ജനകീയ കൺവൻഷൻ നടത്തും, ഫെബ്രുവരി 14 ന് മാഹിയിൽ നടക്കുന്ന ജനകീയ മയ്യഴിപ്പുഴ കൺവെൻഷൻ വിജയിപ്പിക്കാൻ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ശശിധരൻ തോട്ടത്തിൽ അദ്ധ്യക്ഷനായിരുന്നു. ഷൗക്കത്തലി എരോത്ത് , രമ്യ കരോടി , മൈമുന ടീച്ചർ ,മഹിജ തോട്ടത്തിൽ പി.ബാബുരാജ് , പ്രദീപ് ചോമ്പാല ,വി.പി ജയൻ , കെ.പി പ്രമോദ് ഇ.എം ഷാജി, ,കെ.പി പ്രജിത്ത് കുമാർ,ഫിറോസ് കാളാണ്ടി, തുടങ്ങിയവർ പ്രസംഗിച്ചു. ശശിധരൻ തോട്ടത്തിൽ (ചെയർമാൻ) കെ.കെ.മുരളീധരൻ ( കൺവീനർ ) എന്നിവർ ഭാരവാഹികളായി മയ്യഴി പുഴ സംരക്ഷണ സമിതി രൂപീകരിച്ചു.