കോട്ടയം : തിരുനക്കര ക്ഷേത്രം കിഴക്കേ നട റോഡിൽ ചങ്ങലയിട്ട് സംരക്ഷിക്കുന്ന കല്ലിനെ ചൊല്ലിയുള്ള അത്ഭുത കഥകൾക്ക് അവസാനമില്ല !.
പിന്നാക്കക്കാർക്ക് ക്ഷേത്ര പ്രവേശനം അനുവദിക്കും മുമ്പ് തീണ്ടൽ പലക സ്ഥാപിച്ചിരുന്ന കല്ലാണ്,
പുല്ലരിഞ്ഞ് വന്ന പുലയ യുവതി അറിയാതെ സ്വാമിയാരെ സ്പർശിച്ചപ്പോൾ ശപിച്ചുണ്ടായ പറച്ചിക്കല്ലാണ്. കോട്ടയം നഗരത്തിലെ അടിമ ചന്തയുടെ സ്മാരകമാണ്.....
ശാസ്ത്രീയ പിൻബലമില്ലാത്ത കഥകൾ ഇങ്ങനെ നീളുമ്പോൾ കോട്ടയത്ത് പലയിടങ്ങളിൽ കാണുന്ന നടുകല്ല് അഥവാ പുലച്ചിക്കല്ല് എന്നാണ് കോട്ടയത്തിന്റെ ചരിത്രം തേടുന്ന പള്ളിക്കോണം രാജീവിന്റെ കണ്ടെത്തൽ .
പല വാദമുഖങ്ങൾ
തിരുനക്കര മൈതാനം പണ്ട് അടിമയുടെ കായബലം പരിശോധിച്ചു വില പേശി വിറ്റിരുന്ന കയ്യാലക്കകം അടിമ ചന്തയായിരുന്നതിന്റെ സ്മാരകമാണ് പറച്ചിക്കല്ല് .
പുല്ലരിഞ്ഞു തലയിൽ ചുമന്നുവന്ന ഒരു പുലയയുവതി അറിയാതെ സ്പർശിക്കാൻ ഇടയായതോടെ സ്വാമിയാർ യുവതിയെ ശപിച്ചു കല്ലാക്കി. പുരട്ചിക്കല്ല് രൂപാന്തരം പ്രാപിച്ച് പുലച്ചിക്കല്ലായി മാറി. പുലയ സ്ത്രീയെ പുലച്ചി എന്നു പറയുന്നതിനാൽ ശാപം കിട്ടിയ കഥ എളുപ്പം പ്രചരിച്ചു.
"തിരുനക്കര മെൻഹിർ" പള്ളിക്കോണം രാജീവ് (ചരിത്രകാരൻ )
"തിരുനക്കരയെ സംബന്ധിച്ചിടത്തോളം ഈ കഥകളൊന്നും യുക്തിക്ക് നിരക്കുന്നതല്ല. ഒരു സ്ത്രീയെ
മറ്റൊരാൾ ശപിച്ചാൽ കല്ലാവുമോ ?.ഒരു പറയനും പറച്ചിയും തിരുനക്കരയിൽ വന്ന് കള്ളസത്യം ചെയ്തു. അതോടെ കല്ലായി മാറിയന്ന് ഒരു കഥ. ഈ കല്ല് പടിഞ്ഞാറോട്ട് നീങ്ങി നീങ്ങി വേമ്പനാട്ടു കായലിൽ പതിക്കുമ്പോൾ ലോകാവസാനമാണെന്നാണ് മറ്റൊരു കഥ .
ചരിത്രകാരനായ ടി.എച്ച്.പി. ചെന്താരശ്ശേരി രചിച്ച "കേരള ചരിത്രധാര" എന്ന ഗ്രന്ഥത്തിൽ ഇത് നടുകല്ല് ആണെന്ന പരാമർശമുണ്ട്. പ്രമുഖ പുരാവസ്തു ഗവേഷകനായ സി.ചന്ദ്രശേഖരമേനോൻ ഈ ശിലാഖണ്ഡത്തെ പഠനവിധേയമാക്കി നടുകല്ല് അഥവാ മെൻഹിർ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പുരാവസ്തു വകുപ്പിന്റെ വെബ്സൈറ്റിലും "തിരുനക്കര മെൻഹിർ" എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തീണ്ടാചാരമുണ്ടായിരുന്ന കാലത്ത് അവർണർക്ക് ദൂരെ നിന്ന് ആരാധിക്കുന്നതിനായി പ്രാകൃതരൂപത്തിൽ സ്ഥാപിച്ച ശിവലിംഗമാണ് ഇതെന്ന വാദവുമുണ്ട്.
കെ.കെ റോഡ് നിർമ്മാണത്തിനായി തിരുനക്കര കുന്നിന്റെ കിഴക്കേ ചെരിവ് വെട്ടിനിരത്തിയപ്പോൾ റോഡിന്റെ നിരപ്പറിയുന്നതിന് സ്തംഭരൂപത്തിൽ നിർത്തിയെന്നതാണ് മറ്റൊരു വാദം.
തിരുനക്കര ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ കല്ല് ക്ഷേത്രവുമായി ബന്ധമുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുമ്പുവേലി കെട്ടി സംരക്ഷിക്കുന്നതും വിളക്ക് തെളിക്കുന്നതും തിരുനക്കര പുൽത്തകിടിയിൽ (മൈതാനത്ത്) 1860 വരെ അടിമക്കച്ചവടം നടന്നിരുന്നു . എന്നാൽ വീരക്കല്ലിന് അടിമക്കച്ചവടവുമായി ബന്ധമുള്ളതായി ചരിത്രരേഖകളില്ല .