കോട്ടയം: ടൂറിസ്റ്റുകളെ ആകർഷിക്കാൻ രണ്ടു വർഷം മുമ്പ് ലക്ഷങ്ങൾ ചിലവിട്ട് മോടിയാക്കിയ കച്ചേരിക്കടവ് ബോട്ടുജെട്ടി വീണ്ടും പഴയനിലയിലേക്ക്. പോള തിങ്ങി, മാലിന്യം നിറഞ്ഞ തോട് കൊതുക് വളർത്തൽ കേന്ദ്രമായി. മാലിന്യവും പഴയ വാഹനങ്ങളുടെ തുരുമ്പെടുത്ത ഭാഗങ്ങളും തള്ളുന്ന ശ്മശാനമായി മാറിയിരിക്കയാണ് പഴയ ബോട്ടുജെട്ടി.
കുട്ടികൾക്കും മുതിർന്നവർക്കും സായാഹ്നം ചെലവഴിക്കാൻ ഏറെ സൗകര്യങ്ങൾ ഇവിടെയുണ്ട്. പാർക്ക് , കഫെറ്റീരിയ, ബോട്ട് ടെർമിനൽ, വാച്ച് ടവർ എന്നിവയുമുണ്ട്. ലക്ഷങ്ങൾ മുടക്കിയാണ് ഈ സംവിധാനങ്ങൾ ഒരുക്കിയത്.
ആറ്റുതീരത്തിലൂടെ കാറ്റേറ്റ് നടക്കാനുള്ള നടപ്പാതയും വിശ്രമകേന്ദ്രങ്ങളും തയാറാക്കിയെങ്കിലും വേണ്ട സംരക്ഷണം നൽകാതായതോടെ നശിച്ചു. രണ്ട് വർഷം മുമ്പ് വൃത്തിയാക്കിയ ആറ്റിൽ വീണ്ടും പോളയും ചേമ്പും പുല്ലും നിറഞ്ഞു. ഇത് മാറ്റണമെങ്കിൽ ഖജനാവിൽ നിന്നും വീണ്ടും ലക്ഷങ്ങൾ ചിലവഴിക്കേണ്ടതായി വരും. ഇവിടെ വൈദ്യുതി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബൾബുകളെല്ലാം ഫ്യൂസായ നിലയിലാണ്. സാമൂഹ്യവിരുദ്ധരാണ് തെരുവുവിളക്കുകൾ നശിപ്പിക്കുന്നതെന്നാണ് പറയുന്നത്. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കയാണ് ഇവിടെ. സന്ധ്യമയങ്ങിയാൽ ആർക്കും ഈ ഭാഗത്തേക്ക് കടന്നുചെല്ലാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. പൊലീസാവട്ടെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറുമില്ല.
ടൂറിസം മേഖലയിൽ ജില്ലയുടെ തന്നെ മുഖമുദ്രയാകാൻ സാദ്ധ്യതയുള്ള പദ്ധതിയാണ് അവഗണന മൂലം ഇല്ലാതാവുന്നത്. വിനോദസഞ്ചാരികൾക്ക് വിവിധ സ്ഥലങ്ങളിലേക്ക് ബോട്ടിംഗ് നടത്താനുള്ള പദ്ധതിയും കടലാസിൽ ചുരുങ്ങി. സർക്കാർ വിഭാവനം ചെയ്ത പദ്ധതി നിലച്ചിട്ട് രണ്ടു വർഷത്തോളമായി. പോളയും മാലിന്യങ്ങളും നീക്കം ചെയ്യാത്തതിനാൽ ജെട്ടിയിലേക്ക് ബോട്ടുകൾക്ക് എത്താൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ. ഭക്ഷ്യാവശിഷ്ടം ഉൾപ്പെടെ മാലിന്യം തള്ളുന്നതിനാൽ മൂക്കു പൊത്താതെ ഇവിടെകൂടി കടന്നുപോവാൻ സാധിക്കാത്ത അവസ്ഥയിലാണ് പഴയ ബോട്ടുജെട്ടിയും പരിസരവും.