കോട്ടയം: തമിഴ്നാട്ടിൽ നിന്നും വയനാട്ടിൽ നിന്നും വാഴക്കുല ലോഡ് കണക്കിന് എത്തുന്നു. ഇതോടെ നാടൻ ഏത്തക്കുലക്ക് വിലിയിടിഞ്ഞു. നാടൻ കായ് വാങ്ങാൻ ഇപ്പോൾ ആരുമില്ല. കിട്ടുന്ന വിലക്ക് വിൽക്കാൻ നിർബന്ധിതമാവുകയാണ് ഏത്തവാഴ കർഷകർ. മറുനാടൻ ഏത്തക്കായ്ക്ക് അഞ്ചു കിലോക്ക് 100 രൂപ നിരക്കിലാണ് ഇപ്പോൾ വിൽക്കുന്നത്. ഒരു കിലോ ഏത്തക്കായ് ഉല്പാദിപ്പിക്കാൻ 25 രൂപ ചിലവ് വരുമ്പോഴാണ് മറുനാടൻ കായ് ഇറക്കി വില്പനരംഗം കൊഴുപ്പിക്കുന്നത്. ഇതോടെ കർഷകൻ നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് മൂക്കുകുത്തി.
സർക്കാർ നിശ്ചയിച്ച തറവിലയായ 30 രൂപയിൽ താഴേക്ക് വില ഇടിഞ്ഞിട്ട് ഒരു മാസത്തോളമായി.
ഇപ്പോൾ നാടൻ ഏത്തക്കക്ക് 20 മുതൽ പരമാവധി 24 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇതോടെ മിക്ക കർഷകരും പ്രാദേശികമായി കുലകൾ വിറ്റഴിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ കാര്യമായ വില്പന നടക്കുന്നില്ലായെന്ന് കർഷകർ പറയുന്നു. ലോക്ക് ഡൗണിൽ ഉത്പാദനം കൂടിയതും മറുനാടൻ ഏത്തക്കുലകൾ കുറഞ്ഞ വിലയിൽ വൻതോതിൽ എത്തിയതുമാണ് പ്രതിസന്ധിക്ക് കാരണം. ശരാശരി 15- 18 രൂപയ്ക്ക് മറുനാടൻ ഏത്തക്കായ ലഭിക്കുമെന്നതിനാൽ ചെറുകിട വ്യാപാരികളും നാടനോട് മുഖം തിരിച്ചിരിക്കയാണ്. ഇതോടെ കുലകൾ വിറ്റഴിക്കാനാകാതെ വിഷമിക്കുകയാണ് സാധാരണ കർഷകർ.
ലോക്ക്ഡൗൺ കാലത്ത് തൊഴിൽ നഷ്ടമായ നിരവധിപ്പേർ ജീവിത മാർഗമെന്ന നിലയിൽ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. അവരുടെയല്ലാം പ്രതീക്ഷകളെ തകർക്കുന്ന തരത്തിലാണ് ഏത്തക്കുല ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിലയിടിവ്. കോട്ടയം ജില്ലയുടെ കാർഷികമേഖലയിൽ ഏത്തവാഴകൃഷി വ്യാപകമാണ്.
വിളവെടുപ്പ് കഴിഞ്ഞപ്പോൾ സർക്കാർ നിശ്ചയിച്ച സഹായധനം നൽകാൻ കൃഷിവകുപ്പും നടപടി എടുക്കുന്നില്ല. ലോക്ഡൗൺ കാലത്ത് സുഭിക്ഷ കേരളം ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ കാർഷിക വ്യാപനത്തിന് നല്ല പ്രോത്സാഹനമാണ് സർക്കാർ നല്കിയത്. സമാനതകളില്ലാത്ത പിന്തുണ നൽകിയെങ്കിലും തുടർ നടപടികൾ എടുക്കാൻ കൃഷിവകുപ്പ് മറന്നുപോയി. ഇതാണ് കർഷകന് ഭീമനഷ്ടം വരാൻ പ്രധാന കാരണം.
എന്നാൽ വിളവെടുപ്പ് കഴിയുമ്പോൾ ഉത്പന്നങ്ങൾ വിറ്രഴിക്കാൻ അത്തരം സഹായങ്ങൾ കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ രോദനം. പ്രാദേശികമായി കർഷകരിൽ നിന്ന് ഏത്തക്കുലകൾ സംഭരിച്ച് വിൽക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം.
ഒരു വാഴ നട്ടാൽ ചുരുങ്ങിയത് നാലു തവണയെങ്കിലും വളപ്രയോഗം നടത്തണം. കൂടാതെ പിണ്ടിപ്പുഴു തുടങ്ങിയ രോഗങ്ങളിൽ നിന്നും വാഴയെരക്ഷിക്കാൻ കീടനാശിനി പ്രയോഗവും നടത്തണം. ഇതിനെല്ലാമായി ഭീമമായ തുകയാണ് കർഷകൻ മുടക്കേണ്ടി വരിക. കാർഷിക ഉത്പന്നങ്ങളുടെ തറവില പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് ഒരു കിലോ ഏത്തക്കായ് ഉത്പാദിപ്പിക്കാൻ കർഷകന് 25 രൂപ ചെലവ് വരും. 20 രൂപയ്ക്കും 24 രൂപയ്ക്കും ഏത്തക്കായ വിൽക്കുന്ന കർഷകന് ഉത്പാദന ചെലവ് പോലും ലഭിക്കുന്നില്ലെന്ന് വ്യക്തം. 30 രൂപ തറവില നിശ്ചയിച്ച ഏത്തക്കായ്ക്ക് 24 രൂപ മാത്രമാണ് കർഷകന് ലഭിക്കുന്നതെങ്കിൽ ശേഷിക്കുന്ന ആറ് രൂ പ സർക്കാർ നൽകണമെന്നതാണ് ചട്ടം. എന്നാൽ പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ആനുകൂല്യം ആർക്കും ലഭിക്കുന്നില്ല.