munnar

കോട്ടയം: മൂന്നാറിൽ താപനില മൈസ് ഡിഗ്രി. മഞ്ഞിൽക്കുളിച്ച മൂന്നാറിനെ ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക്. പുതുവർഷം ആഘോഷത്തിനായി സഞ്ചാരികളുടെ കുത്തൊഴുക്കാണ് മൂന്നാറിൽ. എത്തുന്നവരിൽ ഏറെയും മലയാളി ടൂറിസ്റ്റുകളാണ്. ഹോട്ടലുകളും റിസോർട്ടുകളും ടൂറിസ്റ്റുകൾ ബുക്ക് ചെയ്തുകഴിഞ്ഞു. ടൂറിസം മേഖല പഴയ സുവ‌ർണകാലത്തേക്ക് മടങ്ങുന്നതായാണ് മൂന്നാറിലെ പുതുവർഷപ്പുലരി കാട്ടുന്നത്. മുറി കിട്ടാതെ സഞ്ചാരികൾക്ക് വാഹനങ്ങളിൽ തന്നെ ഉറങ്ങേണ്ട സ്ഥിതി പോലും വന്നുചേരാമെന്നാണ് അറിയുന്നത്. രണ്ടര ലക്ഷത്തോളം പേർ ക്രിസ്‌മസ് ദിവസം മൂന്നാറിലെത്തി എന്നാണ് വിനോദ സഞ്ചാര വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നത്. മഞ്ഞു വീഴ്ചയുടെയും കോടമഞ്ഞിന്റെയും കാഴ്ചകളാണ് ഇപ്പോൾ മൂന്നാറിലും ചുറ്റുവട്ടത്തും ദർശിക്കാനാവുക.
കഴിഞ്ഞ വർഷം ജനുവരി 1 മുതൽ 13 വരെ തുടർച്ചയായി താപനില പൂജ്യത്തിന് താഴെയായിരുന്നു. സൈലന്റ് വാലി,​ ചെണ്ടുവരൈ മേഖലകളിൽ മൈനസ് 4 ഡിഗ്രി വരെയാണ് അന്ന് രേഖപ്പെടുത്തിയിരുന്നു. ഗതാഗതക്കുരുക്ക് സഞ്ചാരികളെ അസ്വസ്ഥരാക്കുന്നുണ്ട്. പള്ളിവാസൽ മുതൽ മാട്ടുപ്പെട്ടി വരെയും രാജമല അഞ്ചാംമൈൽ വരെയും കഴിഞ്ഞ ദിവസം വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽ കിടക്കേണ്ടതായി വന്നു. ജനുവരി പിറന്നാൾ വടക്കേ ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ടൂറിസ്റ്റുകൾ എത്തുമെന്നാണ് അറിയുന്നത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ അടുത്തയാഴ്ചത്തേക്ക് ഹോട്ടലുകൾ ബുക്ക് ചെയ്തിട്ടുണ്ട്.