ചങ്ങനാശേരി: ഇത്തിത്താനം-പൊൻപുഴപാറ തോടിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന കലുങ്കിനോടൊപ്പമുള്ള അപകടാവസ്ഥയിലായ പാലം പൊളിച്ചുനീക്കി പുതിയ പാലത്തിന്റെ നിർമ്മാണം പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കാലപ്പഴക്കത്താൽ പാലം ദ്രവിച്ച് വാർക്കക്കമ്പികൾ പുറത്ത് തെളിഞ്ഞു കാണുന്ന സ്ഥിതിയായിരുന്നു. ഇത്തിത്താനം വികസനസമിതിയുടെ ഇടപെടലിനെ തുടർന്ന് പാലത്തിന്റെ ബലക്ഷയം പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി. കോട്ടയംചങ്ങനാശേരി റോഡിൽ പൊൻപുഴ ജംഗ്ഷനിലാണ് ഈ ചെറിയപാലം സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടിനടുത്ത് പഴക്കമുണ്ട് പാലത്തിന്. തൊഴിലുറപ്പു തൊഴിലാളികൾ പാലത്തിന്റെ അടിവശം ശുചീകരിക്കുമ്പോഴാണ് പാലത്തിന്റെ അടിഭാഗത്തുള്ള കമ്പികൾ ദ്രവിച്ചത് ശ്രദ്ധയിൽപ്പെട്ടത്. ദിവസേന നിരവധി ബസുകളും മറ്റ് വാഹനങ്ങളും കടന്നു പോകുന്ന തിരക്കേറിയ റോഡാണിത്. കുറിച്ചി റെയിൽവേ മേൽപ്പാലം പണി ഇഴഞ്ഞുനീങ്ങുന്നതുമൂലം എം.സി. റോഡിലേക്ക് പോകേണ്ട ബഹുഭൂരിപക്ഷം വാഹനങ്ങളും പൊൻപുഴ റോഡിലൂടെയാണ് പോകുന്നത്. കൂടാതെ അമിതഭാരം കയറ്റിയുള്ള ടോറസ് അടക്കമുള്ള വാഹനങ്ങളും ഈ വഴി പോകാറുണ്ട്. പാലം പണി തുടങ്ങിയതോടെ 45 ദിവസത്തേക്ക് മാളികക്കടവ് വഴി കോട്ടയത്തേക്കുള്ള റോഡ് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ചെത്തിപ്പുഴ മുതൽ പൊൻപുഴപൊക്കം വരെയുള്ള നാലു കിലോമീറ്റർ റോഡിന്റെ ബി.എം, ബി.സി നിലവാരത്തിലുള്ള ടാറിംഗ് പണിയും ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.