കോട്ടയം : തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പും പൊതുമരാമത്ത് വകുപ്പും വഴിമുടക്കിയതോടെ പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങി. പനച്ചിക്കാട് പഞ്ചായത്തിലെ രണ്ടു കോളനികളിൽ അടക്കം നിരവധി സ്ഥലങ്ങളിലാണ് വെള്ളമില്ലാതായത്. ഈ രണ്ടു കോളനികളിൽ മാത്രം അറുപതോളം വീടുകൾ ഉണ്ട്. ഇത് കൂടാതെ ചാന്നാനിക്കാട്, കണിയാമല, വായനശാല, പരുത്തുംപാറ, ചോഴിയക്കാട്ടെ ലക്ഷം വീട് കോളനികൾ എന്നിവിടങ്ങളിലാണ് ഇരുപതിലേറെ ദിവസമായി വെള്ളമില്ലാത്തത്.

കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് പ്രദേശത്തെ വീടുകളിൽ ആശ്രയമായിരുന്നത് പൊതുമരാമത്ത് വകുപ്പിന്റെ പൈപ്പ് വെള്ളമായിരുന്നു. എന്നാൽ, കഴിഞ്ഞ 20 ദിവസമായി പൈപ്പിലെ തകരാർ മൂലമാണ് വെള്ളം ലഭിക്കാത്തത്. തകരാർ പരിഹരിക്കണമെങ്കിൽ പരുത്തുംപാറ രാജമ്മ കവലവരെയുള്ള പ്രദേശത്ത് റോഡ് വെട്ടിപ്പൊളിക്കണം. എന്നാൽ, റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് വാട്ടർ അതോറിറ്റിയ്‌ക്ക് അനുവാദം നൽകിയിട്ടില്ല.

പഞ്ചായത്തിനെ സമീപിച്ചു

ജലവിതരണം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് ഭരണ സമിതിയെ സമീപിച്ചു. എന്നാൽ, രണ്ടു ദിവസം മുൻപ് മാത്രം അധികാരം ഏറ്റെടുത്ത ഭരണ സമിതിയ്‌ക്കു വിഷയത്തിൽ ഇനിയും ഇടപെടാൻ സാധിച്ചിട്ടില്ല. കുടിവെള്ളം വിതരണം ഉറപ്പാക്കാന എക്‌സിക്യുട്ടീവ് എൻജിനീയർക്കും കളക്‌ടർക്കും അഡ്വ.വിവേക് മാത്യു വർക്കി പരാതി നൽകിയിട്ടുണ്ട്.