കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്നുള്ള അഴിച്ചുപണിയിൽ കോട്ടയം ഡി.സി.സി പ്രസിഡന്റിനെയും മാറ്റിയേക്കും. 14 ഡി.സി.സി പ്രസിഡന്റുമാരിൽ 12 പേരെയും മാറ്റണമെന്ന പൊതുഅഭിപ്രായമാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി താരിഖ് അൻവറിന് കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ലഭിച്ചത്.
ജനുവരി നാലിന് വീണ്ടും ചർച്ച നടത്തിയശേഷം ഹൈക്കമാൻഡിന് നൽകുന്ന അന്തിമ റിപ്പോർട്ടിന് ശേഷമേ മാറ്റം ഉണ്ടാകൂ. ശക്തികേന്ദ്രമായിരുന്ന കോട്ടയം ജില്ലയിൽ കോൺഗ്രസിന് അടിതെറ്റിയതോടെ അഴിച്ചു പണി വേണമെന്ന ആവശ്യം ശക്തമാണ്. പ്രസിഡന്റിനു പുറമേ പ്രവർത്തിക്കാത്ത മറ്റു ജില്ലാ,മണ്ഡലം, ബ്ലോക്ക്. വാർഡു ഭാരവാഹികളെയും മാറ്റും.
കോട്ടയത്ത് ഒന്നാം കക്ഷിയായിരുന്ന കോൺഗ്രസിന് 71 പഞ്ചായത്തിൽ 19 ഇടത്താണ് ഭരണം കിട്ടിയത്. 11 ബ്ലോക്കിൽ ഒന്നേ ലഭിച്ചുള്ളൂ. ജില്ലാ പഞ്ചായത്തിലെ എട്ട് സീറ്റ് അഞ്ചായി. നഗരസഭാ ഭരണം കിട്ടിയത് റിബലുകളുടെയും സ്വതന്ത്രരുടെയും പിന്തുണയിലും കോട്ടയത്ത് നറുക്കെടുപ്പിലൂടെയുമാണ് . ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കോട്ടയവുമടക്കം ഇടതു മുന്നേറ്റമുണ്ടായതിന്റെ ഞെട്ടലിലാണ് നേതാക്കൾ. ഈ വൻപരാജയത്തിന്റെ പാപഭാരം ഡി.സി.സി പ്രസിഡന്റിന്റെ തലയിൽ കെട്ടിവെച്ച് കൈ കഴുകാനുള്ള നീക്കമാണ് മറ്റു നേതാക്കൾ നടത്തുന്നതും. എന്നാൽ വാർഡു തലത്തിൽ വരെ മാറ്റം വേണമെന്ന അഭിപ്രായമാണ് സാധാരണ പ്രവർത്തകർക്കുള്ളത്. ജയസാദ്ധ്യത നോക്കാതെ ഗ്രൂപ്പ് വീതം വെപ്പനുസരിച്ചും ചില നേതാക്കളുടെ താത്പര്യമനുസരിച്ചുമുള്ള സ്ഥാനാർത്ഥി നിർണയമാണ് തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാനകാരണമെന്നാണ് വിലയിരുത്തൽ.
സാദ്ധ്യതാ പട്ടിക
ഫിൽസൺ മാത്യു
തോമസ് കല്ലാടൻ
കുഞ്ഞ് ഇല്ലമ്പള്ളി
യൂജിൻ തോമസ്
ഫിലിപ്പ് ജോസഫ്
മനസു തുറക്കാതെ ഉമ്മൻചാണ്ടി
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പൊതു സമ്മതനായ പുതിയ പ്രസിഡന്റിനെ കണ്ടെത്തുകയെന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്. ഏ ഗ്രൂപ്പിന് അവകാശപ്പെട്ട കോട്ടയം ഡി.സി.സിയിൽ ഉമ്മൻചാണ്ടിയുടെ മനസിലിരുപ്പ് അനുസരിച്ചായിരിക്കും പുതിയ പ്രസിഡന്റ് വരിക. ആരെയാണ് ഉമ്മൻചാണ്ടി മനസിൽ കണ്ടിട്ടുള്ളത് എന്ന് പ്രവചിക്കാൻ ആർക്കും കഴിയില്ല .