കോട്ടയം: എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാർത്ഥി അഭിജിത് കൂട്ടുകാരൻ ജുവലിനെ കണ്ടപ്പോഴെ മുറ്റത്തേയ്ക്ക് ഓടിയെത്തി. മച്ചാനേ.. എന്നൊരു വിളിയും. ആറേഴ് മാസം മേലനങ്ങാതിരുന്ന് ഇവൻ അങ്ങ് വണ്ണം വച്ചല്ലോ. ജുവലിനെ നോക്കി അഭിജിതിന്റെ കമന്റ്. '' യൂ ട്യൂബിൽ നോക്കി ഭക്ഷണം ഉണ്ടാക്കിക്കഴിക്കാൻ തുടങ്ങിയാൽ പിന്നെ എങ്ങനെ തടികൂടാതിരിക്കും"- കൂട്ടുകാരെ കണ്ട് ഓടിയെത്തിയ ജെബിന്റെയും അരുണിന്റെയും കമന്റിങ്ങനെ. കെട്ടിപ്പിടിക്കാനും അടുത്തിരുന്ന് പഠിക്കാനും കഴിഞ്ഞില്ലെങ്കിലും കൂട്ടിൽ നിന്ന് പുറത്തിറങ്ങിയ കിളികളുടെ മനസായിരുന്നു എല്ലാവരുടേതും.
കൊവിഡ് മാനദണ്ഡ പ്രകാരമുള്ള ആദ്യ ക്ളാസിൽ വിദ്യാർത്ഥികളുടെ സമ്പൂർണ സാന്നിദ്ധ്യമുണ്ടായി. പത്താം ക്ളാസിലേയും പ്ളസ്ടുവിലേയും വിദ്യാർത്ഥികൾക്കായിരുന്നു ക്ളാസ്. കൂട്ടുകാരോടൊപ്പം തുള്ളിച്ചാടിയാണ് പലരും സന്തോഷം പങ്കുവച്ചത്. വിദ്യാർത്ഥികളെ കണ്ടപ്പോൾ അദ്ധ്യാപകർക്കും സന്തോഷം. എന്നും സ്കൂളിൽ വരുമ്പോൾ അവധിക്കായി കാത്തിരുന്നവർ ഇനി ഞായറാഴ്ച ക്ളാസ് വച്ചാലും വരുമെന്ന പക്ഷക്കാരായി. മുഖത്ത് മാസ്കും കൈയിൽ സാനിറ്റൈസറും പുരട്ടി ആദ്യമായാണ് ക്ളാസിൽ വരുന്നതെങ്കിലും അതിനോടും പൊരുത്തപ്പെട്ടു കഴിഞ്ഞു.
വരിവരിയായി നിന്ന് ശാരീരിക അകലം പാലിച്ചാണ് കുട്ടികളെത്തിയത്. തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചും സാനിറ്റൈസർ നൽകിയതിനും ശേഷമാണ് വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റിയത്. ക്ലാസുകൾക്ക് പുറത്തും സാനിറ്റൈസർ വച്ചിട്ടുണ്ട്. സ്‌കൂളിന്റെ ഭിത്തികളിൽ മാർഗ നിർദേശങ്ങളുടെ പോസ്റ്ററുകളും പതിപ്പിച്ചിരുന്നു. ഒരു ക്ലാസിൽ 15 കുട്ടികൾ മാത്രമാണുള്ളത്. ഒരു ബെഞ്ചിൽ ഒരു കുട്ടി മാത്രമേ പാടുള്ളു. കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ പഠിപ്പിച്ച പാഠഭാഗങ്ങളുടെ സംശയനിവാരണമാണ് ഇപ്പോൾ നടക്കുന്നത്. രാവിലെ 9.30 മുതൽ 12.30 വരെയാണ് ആദ്യ ബാച്ച്. രാവിലെ ഒന്നര മണിക്കൂർ വീതം രണ്ട് ക്ലാസുകൾ ഹയർ സെക്കൻഡറിക്കും ഹൈസ്‌കുളിനുമായി ക്രമീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള കുട്ടികൾക്ക് ഒരു മണി മുതൽ നാല് മണി വരെയാണ് ക്ലാസ്.
കൺസഷൻ നൽകാതെ ബസുകൾ
യാത്രയാണ് വിദ്യാർത്ഥികളെ വലച്ചത്. ബസുകളുടെ കുറവ് പ്രശ്നമായപ്പോൾ കൺസഷൻ നൽകാതെ ബസുകാരും പണി കൊടുത്തു. മുഴുവൻ വണ്ടിക്കൂലി നൽകി എങ്ങനെ വരുമെന്നത് വിദ്യാർത്ഥികളെ ആശങ്കപ്പെടുത്തുന്നുണ്ട്.