അടിമാലി: . പരസ്പരം പങ്ക് വയ്ക്കുവാൻ വിശേഷങ്ങൾ ഒരു പാടുണ്ടെങ്കിലും ഒന്നും പറയുവാനാവാത്ത അവസ്ഥ.മാസ്‌ക്കിട്ട് ഗ്യാപ്പിട്ടേ ഇരിക്കാവുയെന്ന് അദ്ധ്യാപകരുടെ കർശന നിബന്ധനയുണ്ട്.ശരീരോഷ്മാവ് പരിശോധിച്ച് കൈകൾ അണുവിമുക്തമാക്കിയ ശേഷമായിരുന്നു കുട്ടികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചത്.സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് കുട്ടികൾക്ക് സുരക്ഷ ഒരുക്കിയിട്ടുള്ളതായി അടിമാലി എസ് എൻ ഡി പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പാൾ പി.എൻ. അജിത പറഞ്ഞു.പരമാവധി സാമൂഹിക അകലം പാലിച്ച് ഓരോ ക്ലാസ് മുറികളിലും കുട്ടികളുടെ എണ്ണം ക്രമീകരിച്ചാണ് ക്ലാസുകൾ നടക്കുന്നത്.ജാഗ്രതയുടെ ഭാഗമായി ക്ലാസുകൾ ഷിഫ്ടുകളായി തിരിച്ചിട്ടുണ്ട്.വരാൻ പോകുന്ന പരീക്ഷകളെ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ആശങ്കയില്ലാതില്ല.ആഘോഷമാക്കേണ്ടിയിരുന്ന പ്ലസ് ടു കാലം കൊവിഡ് കവർന്നതിന്റെ പരിഭവം ചിലർക്ക് എത്ര പറഞ്ഞാലും മതിയാവില്ല.ആശങ്കകൾ പരാമാവധി ലഘൂകരിച്ച് വിദ്യാർത്ഥികളെ പരീക്ഷകൾക്കൊരുക്കുവാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകർ.