police

കോട്ടയം: കണ്ണടയ്‌ക്കാതെ പൊലീസ് കാവൽ നിന്നതോടെ അപകടവും അനിഷ്‌ട സംഭവങ്ങളുമില്ലാത്ത പുതുവർഷപുലരി. ഡിസംബർ 31 വൈകിട്ട് ആറിനു തെരുവിലിറങ്ങിയ പൊലീസ് തിരികെ കയറിയത് പുതുവർഷ പുലരിയിൽ മാത്രമാണ്.

വാഹനങ്ങളിൽ റോന്ത് ചുറ്റുന്നത് കൂടാതെ, ഓരോ ജംഗ്ഷനിലും ഓരോ പൊലീസ് ഉദ്യോഗസ്ഥർ വീതം കാവൽ നിന്നാണ് കൊവിഡ് കാലത്തെ പുതുവർഷ ആഘോഷങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പത്തു മണി വരെയാണ് പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾക്ക് അനുവാദം നൽകിയിരുന്നത്. കൂടി നിൽക്കുന്നത് ഒഴിവാക്കുന്നതിനായി ഗ്രാമീണ, നഗരമേഖലകളിൽ പട്രോളിംഗ് നടത്തിയിരുന്നു. തട്ടുകടകൾ അടക്കമുള്ളവ രാത്രി പത്തിനു തന്നെ അടപ്പിച്ചു. അമിത വേഗം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ റോഡുകളിൽ ബാരിക്കേഡ‌് ഉയർത്തി. ഇവിടങ്ങളിലെല്ലാം കർശന നിരീക്ഷണവും ഏർപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെയും അഡീഷണൽ എസ്.പി നിസാമിന്റെയും നേതൃത്വത്തിൽ ഡിവൈ.എസ്.പിമാരും സുരക്ഷയ്‌ക്കായി രംഗത്തിറങ്ങിയിരുന്നു.