കോട്ടയം: ജില്ലാ പഞ്ചായത്ത് നേരത്തേ ആരംഭിച്ച ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതി പരിഷ്കരിച്ച് കോട്ടയത്തെ മാലിന്യ രഹിതവും പച്ചപ്പുമാക്കുന്നതിനുള്ള വിപുലമായ പദ്ധതി ആവിഷ്കരിക്കുമെന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിർമല ജിമ്മി, വൈസ് പ്രസിഡന്റ് ടി.എസ്.ശരത് എന്നിവർ പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തിൽ പറഞ്ഞു.
ഇടതു മുന്നണി പ്രകടന പത്രികയിൽ പറഞ്ഞ പദ്ധതികൾ പൂർണമായി നടപ്പാക്കും.
തെരുവു നായ്ക്കളെ നിയന്ത്രിക്കാൻ നേരത്തെ ആരംഭിച്ച വന്ധ്യംകരണ പദ്ധതി പൂർണ്ണ വിജയമാക്കാനായില്ല. നായ്ക്കളെ ഇനി പ്രത്യേക കേന്ദ്രത്തിൽ സംരക്ഷിക്കും.
ജില്ലാ പഞ്ചായത്ത് കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വ്യാപകമായി ബോധവത്ക്കരണവും നടത്തും.
വിദ്യാർത്ഥികളെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും അകറ്റുന്നതിന് ഗുരുകുലം പദ്ധതി രക്ഷകർത്താക്കളുടെയും അദ്ധ്യാപകരുടെയും പൂർണ പങ്കാളിത്തത്തോടെ പരിഷ്കരിച്ചു നടപ്പാക്കും .
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതൽ ഊന്നൽ നൽകും. തൊഴിലുറപ്പ് കുടുംബശ്രീ യൂണിറ്റുകളെ കോർത്തിണക്കി സ്ത്രീകളുടേതായ വലിയ മുന്നേറ്റമുണ്ടാക്കും.
തൊഴിൽ രഹിതരായ യുവാക്കളെയും ഇനി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും . പഞ്ചായത്ത് , ബ്ലോക്ക് തലത്തിൽ കളിസ്ഥലമില്ലെന്ന പരാതി ഒഴിവാക്കാൻ വേണ്ടതു ചെയ്യും.
കേടായി കിടക്കുന്ന കൊയ്ത്തുമെതിയന്ത്രവും പോള വാരൽ യന്ത്രവും അടിയന്തരമായി പ്രവർത്തന ക്ഷമമാക്കും.
കിഡ്നി രോഗികൾക്ക് ഡയാലിസും മറ്റു ചികിത്സയും നടത്തുന്നതിന് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രത്യേക ഫണ്ട് രൂപീകരിക്കും .
കാർഷിക ക്ഷീര മേഖലകളിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിനും ഓരോ പഞ്ചായത്തിലും വിപണന കേന്ദ്രങ്ങൾ തുറക്കും.
സർക്കാർ ജില്ലാ പഞ്ചായത്തിനു നൽകുന്ന പദ്ധതി വിഹിതം നുറ് ശതമാനവും വിനിയോഗിക്കാൻ ശ്രമിക്കും.