agri

കോട്ടയം: പ്രളയാനന്തര പുനർനിർമ്മാണത്തിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 983 കർഷകരുടെ സംയോജിത കൃഷി യൂണിറ്റുകൾക്ക് 3.30 കോടി രൂപയുടെ ധനസഹായത്തിന് അനുമതിയായി. ആദ്യ ഗഡുവായ 2.25 കോടി രൂപ അനുവദിച്ചു.

ജൈവ ഗൃഹം എന്ന പേരിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലാണ് കർഷകരുടെ പുരയിടങ്ങളിൽ സംയോജിത കൃഷി യൂണിറ്റുകൾ സജ്ജമാക്കിയത്. കൃഷി ഭവനുകൾക്കാണ് മേൽനോട്ട ചുമതല. കൃഷിയോടൊപ്പം മൃഗപരിപാലനം, മത്സ്യകൃഷി, കൂൺകൃഷി, മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് സംയോജിത കൃഷി യൂണിറ്റിലെ ഘടകങ്ങൾ. അഞ്ച് സെന്റ് മുതൽ അഞ്ച് ഏക്കർ വരെ വസ്തുവിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾ സന്ദർശിച്ച് വിദഗ്ദ്ധർ നടത്തുന്ന മൂല്യ നിർണ്ണയത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായം നൽകുന്നത്. യൂണിറ്റ് ഉടമകളായ കർഷകർക്ക് 30000 രൂപ മുതൽ 50000 രൂപവരെ വരെ ആദ്യ ഗഡുവായി നൽകും. യൂണിറ്റുകളുടെ തുടർ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം രണ്ടാം ഗഡു അനുവദിക്കും.

ആദ്യ ഗഡു തുക കർഷകരുടെ അക്കൗണ്ടിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി ആത്മ പ്രോജക്ട് ഡയറക്ടർ ഇ.വി ജയമാണി അറിയിച്ചു.