ganja
കൊന്നത്തടി പന്നിയാർകുട്ടിയിൽ നിന്നു കഞ്ചാവുമായി പിടിയിലായവർ


കട്ടപ്പന: പുതുവത്സരത്തോടനുബന്ധിച്ച് വിൽക്കാനായി തമിഴ്‌നാട്ടിൽ നിന്നുകൊണ്ടുവന്ന കഞ്ചാവ് കൈമാറുന്നതിനിടെ നാലുപേരെ തങ്കമണി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഉത്തമപാളയം സ്വദേശി തമിഴരശൻ(46), ഒവുളപുരം സ്വദേശി ജയരാസു(50), കാഞ്ചിയാർ തോപ്പിൽ ടി.എസ്. ജയചന്ദ്രൻ(45), പത്തനംതിട്ട പന്നിക്കുഴി കൊച്ചുമുറിയിൽകിഴക്കേതിൽ വർഗീസ്(40) എന്നിവരാണ് 10.5 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നു കഞ്ചാവ് കൊണ്ടുവരുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് തങ്കമണി എക്‌സൈസ് സംഘവും ഇടുക്കി സ്‌ക്വാഡിലെ ഷാഡോ സംഘവും കൊന്നത്തടി പന്നിയാർകുട്ടി ജംഗ്ഷനുസമീപം നിലയുറപ്പിച്ചിരുന്നു. സിമന്റ് കയറ്റിവന്ന ലോറിയിൽ തമിഴ്‌നാട് സ്വദേശികൾ ഒളിപ്പിച്ചുകടത്തിയ കഞ്ചാവ് ജയചന്ദ്രനും വർഗീസും എത്തിയ സ്വിഫ്റ്റ് കാറിലേക്ക് കയറ്റുന്നതിനിടെയാണ് പിടികൂടിയത്. ലോറിയും കാറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.പി. സിബി, പ്രിവന്റീവ് ഓഫീസർമാരായ സജി കെ.ജോസഫ്, കെ.ജെ. ബിനോയി, സി.ഇ.ഒമാരായ ബിജു ജേക്കബ്, ബൈജു സോമരാജ്, ജിനു, സോണി, അനൂപ്, ഷാഡോ അംഗങ്ങളായ അനൂപ്, സിജുമോൻ, ജലീൽ, ലിജോ ജോസഫ്, പി.സി. റെജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.